Sorry, you need to enable JavaScript to visit this website.

സി.പി.എം സംഘടിത മതശക്തികളുടെ അടിമയായി അധപ്പതിച്ചു - ബി.ജെ.പി

- സി.പി.എമ്മിന്റെ നിലപാട് തീരുമാനിക്കുന്നത് കെ.ടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. 'മീശ' നോവലിലൂടെ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അതവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായിരുന്നു. എന്നാൽ, മുത്തലാഖിലെത്തിയപ്പോൾ അവർക്കത് മതവിശ്വാസത്തിന്റെ ഭാഗമായെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
 
തിരുവനന്തപുരം -
സി.പി.എമ്മിനെതിരെ രൂക്ഷവിമർശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കെ.ടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് സി.പി.എമ്മിന്റെ നിലപാട് തീരുമാനിക്കുന്നതെന്നും അതിന്റെ വഴിയേ പോകുക മാത്രമാണ് എം.വി ഗോവിന്ദന്റെ ജോലിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിന്റെ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വിമർശം. സി.പി.എം സംഘടിത മതശക്തികളുടെ അടിമയായി തീർന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
 സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എം.എൽ.എയായ കെ.ടി ജലീലാണ് തിരുത്തുന്നത്. അനിൽകുമാറിന്റേത് പാർട്ടി നിലപാടല്ലെന്ന് ജലീൽ പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും എം.പിയുമായ എ.എം ആരിഫ് അതിനെ പിന്തുണയ്ക്കുന്നു. ശേഷം, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. 
 സി.പി.എമ്മിൽ ഇതുവരെയും സംഭവിക്കാത്ത കാര്യങ്ങളാണിപ്പോൾ നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ടുബാങ്കിന്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. 'മീശ' നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് ഇവ്വിധത്തിലായിരുന്നു. എന്നാൽ, മുത്തലാഖ് അവർക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈക്കടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്. ഇങ്ങനെ പോകുന്നു അവരുടെ ഗവേഷണ മതം.
 സി.പി.എം അനിൽകുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെ.ടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിന്റെ വഴിയേ പോകുക മാത്രമാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സി.പി.എം അധപ്പതിച്ചു കഴിഞ്ഞു. അതിനാൽ, പാർട്ടിയിലെ നവോത്ഥാന ക്ലാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് ഗോവിന്ദന് ഇനി നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Latest News