തൃശൂർ - ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് നിർബ്ബന്ധിച്ച് അധ്യാപകരുടെ പാദം തൊട്ട് വന്ദിക്കുന്ന പാദപൂജ നടത്തിച്ചതുമായി ബന്ധപ്പെട്ടുയർന്ന പരാതികളെ തുടർന്ന് സ്‌കൂൾ അധികൃതർ പരസ്യമായി ഖേദപ്രകടനം നടത്തി. സർക്കാർ തലത്തിലുള്ള നടപടികൾക്കു പുറമെ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മിഷൻ മാനേജ്‌മെന്റിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അധികൃതരുടെ ഖേദപ്രകടനം.
ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന ഗുരുവന്ദനം തെറ്റായ ആചാരമനസസരിച്ചാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡി.പി.ഐ കെ.വി മോഹൻ കുമാർ സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്‌കൂളിൽ ഗുരുപൂർണിമ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഗുരുവന്ദനം പരിപാടി ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മനോവിഷമമോ ബുദ്ധിമുട്ടോ ഉണ്ടാക്കിയെങ്കിൽ അതിൽ വിദ്യാലയം നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂൾ പ്രധാന അധ്യാപിക കെ.സുനിതാബായ്, പി.ടി.എ പ്രസിഡന്റ് എൽ.സൂരജ് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
ഗുരുവന്ദനം പരിപാടി വർഷങ്ങളായി പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നതാണ്. കഴിഞ്ഞ 27നും നടത്തി. ജാതി, മത, സമുദായ വിഭാഗീയതകളില്ലാതെ സദുദ്ദേശ്യത്തോടെയാണ് ഇതു നടത്തിയതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഗുരുപൂജ നടത്തിച്ചതിൽ വിദ്യാഭ്യാസ മന്ത്രിക്കു ലഭിച്ച പരാതികളെ തുടർന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളിന്റെ പ്രധാന അധ്യാപകനോട് വിശദീകരണം തേടിയിരുന്നു.
ഡി.പി.ഐയുടെ നിർദേശ പ്രകാരം തൃശൂർ ഡി.ഇ.ഒ സ്‌കൂളിലെത്തി അന്വേഷണം നടത്തിയപ്പോൾ ആരോപണത്തിൽ വസ്തുതയുണ്ടെന്നു കണ്ടെത്തി. ഇതേ തുടർന്ന് പൊതു വിദ്യാലയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഇത്തരം പരിപാടി നടത്തരുതെന്ന് കർശനമായി താക്കീത് നൽകി. തൃശൂർ ഡി.ഇ.ഒ മനോഹർ ജവഹർ ഡി.പി.ഐക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ഐ സർക്കാരിന് റിപ്പോർട്ട് നൽകിയത്. നാനാ ജാതിമതസ്ഥരായ മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ മതാചാരപ്രകാരമുള്ള പാദപൂജ നടത്തിയതു സംബന്ധിച്ച് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് പി.കെ.ഹനീഫ ചെയർമാനായ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അതിനിടെ ഗുരുവന്ദനം നടത്തിയതിന്റെ പേരിൽ വിവാദമുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. അതിനെ മതവിശ്വാസവുമായി കൂട്ടിയിണക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് കുട്ടികളിൽ വിഭാഗിയതയും വിശ്വാസരാഹിത്യവും പടർത്താനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വർത്തമാനകാല സാംസ്‌കാരിക പ്രതിസന്ധികൾക്ക് പരിഹാരം മുല്യനിഷ്ഠയുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ്. ഈ കാഴ്ച്ചപ്പാടിന് അനുഗുണമായ ചടങ്ങാണ് ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന ഗുരുവന്ദനം ചടങ്ങെന്ന് അദ്ദേഹം കൂട്ടിചേർത്തു.