Sorry, you need to enable JavaScript to visit this website.

ഞാൻ സർക്കാരിന്റെ മകളെന്ന് ഹനാൻ

ഓണം-ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹനാന് ഉപഹാരം സമ്മാനിക്കുന്നു.
  • മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ഹനാന്റെ കൂടിക്കാഴ്ച.

തിരുവനന്തപുരം- മുഖ്യമന്ത്രി തനിക്ക് തന്നത് ഒരു മകളോടുള്ള പരിഗണനയാണെന്ന് ഹനാൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടാണ് ഹനാൻ ഇക്കാര്യം പറഞ്ഞത്. പഠിക്കാനായി മീൻ വിറ്റതിന്റെ പേരിൽ സാമൂഹ മാധ്യമങ്ങളിലെ അധിക്ഷേപത്തിന് ഇരയായ ഹനാൻ ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയത്. 'ഞാനിപ്പോൾ സർക്കാരിന്റെ മകളാണ്'. മുഖ്യമന്ത്രിയെ കണ്ടു പുറത്തിറങ്ങിയ ഹനാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മകളുടെ സംരക്ഷണം തനിക്ക് തരും എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഹനാൻ ഇന്നലെ സന്ദർശിച്ചു.
ഹനാന് സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പേജിൽ കുറിച്ചു. :'ഹനാൻ വന്നുകണ്ടിരുന്നു. മന്ത്രിസഭാ യോഗം കഴിഞ്ഞെത്തിയപ്പോൾ ആണ് ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്തു. അതിനു നന്ദി അറിയിക്കാനാണ് ഹനാൻ എത്തിയത്. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.' -മുഖ്യമന്ത്രി കുറിച്ചു. 
'ഒരു മകൾ എപ്പോഴും അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. അത് തനിക്ക് ഉറപ്പു കിട്ടി. വളരെ ധൈര്യവും ആത്മവിശ്വാസവും തോന്നുന്നു. ഇനി ഒരാളും തന്റെ മേൽ കൈവെക്കില്ല, ഒരു വെടിയുണ്ടയും തന്റെ നേരെ വരില്ല എന്ന വിശ്വാസവുമുണ്ട്. പഠനവും സുരക്ഷയും ഉറപ്പു നൽകിയിട്ടുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നന്ദിയുമുണ്ട്.'-ഹനാൻ പറഞ്ഞു. ഖാദിബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജിനൊപ്പമാണ് ഹനാൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഖാദി ബോർഡ് കനകക്കുന്നിൽ സംഘടിപ്പിച്ച ഓണം, ബക്രീദ് മേളയുടെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലും ഹനാൻ പങ്കെടുത്തു. 
ഹനാൻ മീൻ വിൽക്കുന്ന വാർത്ത ശ്രദ്ധയിൽപെട്ടയുടൻ അവർ പഠിക്കുന്ന തൊടുപുഴ അസ്ഹർ കോളേജുമായി ബന്ധപ്പെട്ട് ഫീസ് ഒഴിവാക്കി നൽകാനും ഹനാന് വീടുവെച്ചു നൽകാൻ ഏർപ്പാട് ചെയ്യാനും സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തിയാണ് ഹനാൻ കണ്ടത്. ഭാര്യ അനിതയോടൊപ്പമാണ് രമേശ് ഹനാനെ സ്വീകരിച്ചത്. തന്റെയൊപ്പം ഉറച്ചുനിന്ന പ്രതിപക്ഷ നേതാവിന് നന്ദി പറഞ്ഞ ഹനാൻ, ചെന്നിത്തലയെക്കുറിച്ച് നിമിഷ കവിതയുമെഴുതി സമ്മാനിച്ചശേഷമാണ് മടങ്ങിയത്.

 

Latest News