മലപ്പുറം- തട്ടവിവാദത്തിൽ വീണ്ടും പ്രതികരണമായി മുൻ മന്ത്രിയും സി.പി.എം സഹയാത്രികനുമായ കെ.ടി ജലീൽ എം.എൽ.എ. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സി.പി.എം ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടാണ് ശരിയെന്നും ജലീൽ പറഞ്ഞു. വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണെന്നും അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാമെന്നും തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നുമുള്ള സി.പി.എം നിലപാട് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സി.പി.എം. അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ സി.പി.എമ്മിനെ ഇഷ്ടപ്പെടുന്നത്. ലീഗുകാർ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവർത്തികളായ പണ്ഡിതർ ലീഗ് നേതാക്കളെയാണ് ആദ്യം 'ദീൻ' അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയേറ്റ് മെമ്പർമാരുടെ ഭാര്യമാരും പെൺമക്കളും 'ഇസ്ലാമിക വേഷം' ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽ നിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിന്റെ 'കപടവിശ്വാസ' പരിസരത്തു നിന്നാണെന്നും ജലീൽ വ്യക്തമാക്കി.