തിരുവനന്തപുരം- തട്ടം പ്രസ്താവനയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിന് പിശക് സംഭവിച്ചതായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. അനിൽകുമാർ തന്നെ ആ തെറ്റു തിരുത്തിയിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ആർ.എസ്.എസ് ഭരിക്കുന്ന കേന്ദ്ര സർക്കാറിൽനിന്ന് കനത്ത പീഡനമാണ് ഏൽക്കേണ്ടി വരുന്നത്. ലക്ഷദ്വീപിൽ അവിടുത്തെ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം നിരോധിച്ചു. കർണാടകത്തിൽ ബി.ജെ.പി അധികാരത്തിലുള്ള സമയത്താണ് ഹിജാബ് നിരോധിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സി.പി.എം എന്നും ജയരാജൻ വ്യക്തമാക്കി.