പാരിതോഷികമായി ലഭിച്ച ഉംറ അവസരം കൂടുതല്‍ അര്‍ഹരായവര്‍ക്ക് നല്‍കാനൊരുങ്ങി മലയാളി വ്‌ളോഗര്‍മാര്‍

ദോഹ- വൈറലായ വീഡിയോക്ക് പാരിതോഷികമായി ലഭിച്ച ഉംറ അവസരം കൂടുതല്‍ അര്‍ഹരായവര്‍ക്ക് നല്‍കാനൊരുങ്ങി മലയാളി വ്‌ളോഗര്‍മാര്‍. കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ വ്‌ളോഗര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയരായ മലപ്പുറം ജില്ലയിലെ കടന്നമണ്ണക്കടുത്ത് കരിമ്പനക്കുണ്ട് സ്വദേശികളായ ഹാരിസ്, ജാസിം എന്നിവരാണ് തങ്ങള്‍ക്ക് പാരിതോഷികമായി ലഭിച്ച ഉംറ അവസരം കൂടുതല്‍ അര്‍ഹരായവര്‍ക്ക് നല്‍കാനൊരുങ്ങുന്നത്.

ഖത്തറില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ഉംറ സര്‍വീസ് നടത്തുന്ന അബൂ ഹംദ് ട്രാവല്‍സിന്റെ ഉംറ പാക്കേജുകളെ പരിചയപ്പെടുത്തി ഹാരിസ് ആന്റ് ജാസിം ചെയ്ത വീഡിയോ ലക്ഷങ്ങളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവര്‍ക്കും സൗജന്യമായി ഉംറ നിര്‍വഹിക്കാനവസരമൊരുക്കാന്‍ ട്രാവല്‍സ് മുന്നോട്ടുവന്നത്. ഇരുവരും ഈയിടെ ഉംറ നിര്‍വഹിച്ചിരുന്നതിനാല്‍ തങ്ങള്‍ക്ക് ലഭിച്ച ഈ അവസരം കൂടുതല്‍ അര്‍ഹരായവര്‍ക്ക് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും ഫേസ് ബുക്കിലുമൊക്കെ വീഡിയോ റിലീസ് ചെയ്തപ്പോഴുണ്ടായ പ്രതികരണം വളരെ മികച്ചതായിരുന്നു. എട്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നൂറ് കണക്കിന് ആളുകള്‍ വീഡിയോ ഷെയര്‍ ചെയതും ആയിരങ്ങള്‍ കമന്റ് ചെയ്തും കാമ്പയിന്‍ മനോഹരമാക്കി. കമന്റ് ചെയ്ത ഇരുപത്തിയാറായിരത്തിലധികം വരുന്നവരില്‍ നിന്നാണ്  ഉംറക്ക് അവസരം ലഭിക്കുന്ന ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കുക.
ഇന്ന് വൈകുന്നേരത്തോടെ കമന്റ് ചെയ്തവരില്‍ നിന്നും ഇരുപത് പേരെ തെരഞ്ഞെടുക്കും. നാളെ രാത്രി എട്ട് മണിക്ക് സല്‍വ റോഡിലെ എം.ആര്‍.എ. റസ്‌റ്റോറന്റില്‍ വെച്ച് ഈ ഇരുപതില്‍ രണ്ട്‌പേരെ തെരഞ്ഞെടുക്കുമെന്ന് ഹാരിസ് ആന്റ് ജാസിം  പറഞ്ഞു.

 

 

Latest News