Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീകാന്ത് രക്ഷപ്പെട്ടു, പ്രണോയ് പുറത്ത്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കാനഡയുടെ റെയ്ചൽ ഹോണ്ടെറിഷിനെ തോൽപിച്ച നിലവിലെ ചാമ്പ്യൻ നൊസോമി ഒകുഹാര. 

നാൻജിംഗ് - ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിലവിലെ റണ്ണർഅപ് ഇന്ത്യയുടെ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും പ്രി ക്വാർട്ടറിലേക്ക് മുന്നേറി. എന്നാൽ മലയാളി താരം എച്ച്.എസ് പ്രണോയ്ക്ക് അപ്രതീക്ഷിതമായി രണ്ടാം റൗണ്ടിൽ അടിതെറ്റി. അധികമറിയപ്പെടാത്ത ബ്രസീൽ താരം യെഗോർ കൊയ്‌ലോയാണ് ലോക പതിനൊന്നാം നമ്പർ പ്രണോയ്‌യെ വകവരുത്തിയത്. സമീർ വർമയെ മുൻ ചാമ്പ്യൻ ലിൻ ദാൻ 21-17, 21-14 ന് തകർത്തു. ഇന്നലെ കളത്തിലിറങ്ങിയ ഇന്ത്യയുടെ ഡബ്ൾസ് ജോഡികളിലൊന്നിനും ജയം നേടാനായില്ല. വനിതാ സിംഗിൾസിൽ സയ്‌ന നേവാൾ കഴിഞ്ഞ ദിവസം പ്രി ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. 
ആദ്യ റൗണ്ടിൽ ബൈ ലഭിച്ച സിന്ധു രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഫിത്‌രിയാനിയെ 21-14, 21-9 ന് തകർത്തുവിട്ടു. 2015 ലെ വെങ്കല മെഡലുകാരി കൊറിയയുടെ സുംഗ് ജി ഹ്യൂനാണ് പ്രി ക്വാർട്ടറിൽ ഇരുപത്തിമൂന്നുകാരിയുടെ എതിരാളി. 
പുരുഷ അഞ്ചാം സീഡ് ശ്രീകാന്ത് സ്‌പെയിനിന്റെ പാബ്‌ലൊ അബിയാനെതിരെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു (21-15, 12-21, 21-14). മുൻ ലോക പത്താം നമ്പർ മലേഷ്യയുടെ ഡാരൻ ലൂവുമായാണ് ശ്രീകാന്ത് പ്രി ക്വാർട്ടർ കളിക്കേണ്ടത്. ബി. സായ്പ്രണീത് 21-18, 21-11 ന് സ്‌പെയിനിന്റെ ലൂയിസ് എൻറിക്കെ പെനാൽവറെ തോൽപിച്ചു. ഡെന്മാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിൻഗസുമായാണ് സായ്പ്രണീത് പ്രി ക്വാർട്ടർ കളിക്കുക. 
മുപ്പത്തൊമ്പതാം റാങ്കുകാരനായ കൊയ്‌ലോക്കെതിരെ അനായാസം ആദ്യ ഗെയിം നേടിയ ശേഷമാണ് പ്രണോയ്ക്ക് വഴിതെറ്റിയത്. 21-8, 16-21, 15-21 ന് കീഴടങ്ങി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡലുകാരായ സത്‌വിക് സായ്‌രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ലോക എട്ടാം നമ്പർ ഡെന്മാർക്കിന്റെ കിം ആസ്ട്രപ്-ആൻഡേഴ്‌സ് സ്‌കാറുപ് റാസ്മുസൻ കൂട്ടുകെട്ടിനോട് മൂന്നു ഗെയിമിൽ കീഴടങ്ങി (18-21, 21-15, 16-21). ദേശീയ ചാമ്പ്യന്മാരായ മനു ആത്രിയും ബി. സുമീത് റെഡ്ഢിയും ഏഴാം സീഡ് തകൂതൊ ഇനൂയി-യൂകി കനേകൊ ജോഡിയെ വെള്ളം കുടിപ്പിച്ച ശേഷം കീഴടങ്ങി (24-22, 13-21, 16-21). വനിതാ ഡബ്ൾസിൽ അശ്വിനി പൊന്നപ്പക്കും എൻ. സിക്കി റെഡ്ഢിക്കും ജപ്പാന്റെ യുകി ഫുകുഷിമ-സയാക ഹിരോത കൂട്ടുകെട്ടിനോട് പൊരുതാനായില്ല (14-21, 15-21).
നിലവിലെ ചാമ്പ്യന്മാരായ ഡെന്മാർക്കിന്റെ വിക്ടർ ആക്‌സൽസനും ജപ്പാന്റെ നൊസോമി ഒകുഹാരയും പ്രി ക്വാർട്ടറിൽ ഇടംപിടിച്ചു. ആക്‌സൽസൻ 21-17, 21-8 ന് ഹുവാംഗ് യൂസിയാംഗിനെയും നൊസോമി 21-11, 21-9 ന് കാനഡയുടെ ഹോണ്ടറിഷിനെയും മറികടന്നു. രണ്ടു തവണ ലോക ചാമ്പ്യനായ ചെൻ ലോംഗ് ആക്രമിച്ചു കളിച്ച തായ്‌ലന്റുകാരൻ ഫേറ്റ്പ്രദാബ് ഖോസിറ്റിനെ 21-16, 21-11 ന് കീഴടക്കി. ആറാം സീഡ് കെൻഡൊ മൊമോത 21-8, 21-10 ന് ഓസ്‌ട്രേലിയയുടെ ലൂക റാബറെ തകർത്തുവിട്ടു. വനിതാ അഞ്ചാം സീഡ് ചെൻ യുഫെയ് ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുൻജിംഗിനോട് വല്ലാതെ വെള്ളം കുടിച്ചു (21-17, 22-20). രണ്ടാം ഗെയിമിൽ ഇന്തോനേഷ്യക്കാരി 17-10 ലീഡ് കളഞ്ഞുകുളിക്കുകയായിരുന്നു. പതിനാലാം സീഡ് ആയ ഒഹോറിയെ മലേഷ്യയുടെ ഗോ ജിൻ വെയ് അട്ടിമറിച്ചു.

Latest News