Sorry, you need to enable JavaScript to visit this website.

ഒറ്റ ഏറിൽ കളി തിരിഞ്ഞു

ബ്രെയ്ക്ത്രൂ... അശ്വിന്റെ ബൗളിംഗിൽ അലസ്റ്റർ കുക്കിന്റെ സ്റ്റമ്പ് തെറിക്കുന്നു.

ബേമിംഗ്ഹാം - ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ആദ്യ ദിനം ഇന്ത്യ അതിശക്തമായ ചുവടു വെച്ചു. ടീമിലെ ഏക സ്പിന്നറായ ആർ. അശ്വിൻ നിറഞ്ഞാടിയ ദിനത്തിൽ ഇംഗ്ലണ്ടിനെ ഒമ്പതിന് 285 ലൊതുക്കാൻ സന്ദർശകർക്ക് സാധിച്ചു. നാലു വിക്കറ്റാണ് അശ്വിൻ സമ്പാദിച്ചത്. സെഞ്ചുറി കൂട്ടുകെട്ടിലൂടെ ക്യാപ്റ്റൻ ജോ റൂട്ടും (80) ജോണി ബെയര്‍‌സ്റ്റോയും (70) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചതായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മികച്ച ഫീൽഡിംഗ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മിഡ്‌വിക്കറ്റിൽ നിന്ന് കോഹ്‌ലിയുടെ നേരിട്ടുള്ള ഏറ് കൂട്ടുകെട്ട് പൊളിച്ചു. അനായാസം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റൂട്ട് റണ്ണൗട്ടായി. മൂന്നിന് 216 ൽ നിന്ന് ഒമ്പതിന് 285 ലാണ് ആതിഥേയർ ആദ്യ ദിനമവസാനിപ്പിച്ചത്. സാം കറണും (24 നോട്ടൗട്ട്) ജെയിംസ് ആൻഡേഴ്‌സനുമാണ് (0 നോട്ടൗട്ട്) ക്രീസിൽ. 
കെ.എൽ രാഹുലിനു വേണ്ടി ചേതേശ്വർ പൂജാരയെ പുറത്തിരുത്തിയ ഇന്ത്യ ഏക സ്പിന്നറുമായാണ് ഇറങ്ങിയത്. നാല് മികച്ച വിക്കറ്റുകളിലൂടെ അശ്വിൻ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു. മുഹമ്മദ് ഷാമിക്കും രണ്ടു വിക്കറ്റ് കിട്ടി. 
പതിനാലാം സെഞ്ചുറിക്കുള്ള റൂട്ടിന്റെ നീണ്ട കാത്തിരിപ്പാണ് ഒരിക്കൽകൂടി വിഫലമായത്. കഴിഞ്ഞ വർഷം ഇതേ ഗ്രൗണ്ടിൽ വെസ്റ്റിൻഡീസിനെതിരെയാണ് റൂട്ട് അവസാനം സെഞ്ചുറിയടിച്ചത്. പുറത്തായി മടങ്ങുന്ന റൂട്ടിനു നേരെ കോഹ്‌ലി മുത്തങ്ങൾ പായിക്കുകയും ഗാലറിയെ നോക്കി നിശ്ശബ്ദമാവാൻ ആംഗ്യം കാണിക്കുകയും ചെയ്തു. ഏകദിന പരമ്പരയിൽ സെഞ്ചുറിയടിച്ചപ്പോൾ റൂട്ട് ആഘോഷിച്ച 'മൈക് ഡ്രോപ്' ആംഗ്യവും കോഹ്‌ലി അനുകരിച്ചു. കോഹ്‌ലിക്കെതിരെ മാച്ച് റഫറിയുടെ നടപടിയുണ്ടാവാൻ സാധ്യതയുണ്ട്. റൂട്ട് പുറത്തായ ശേഷം 25 പന്തിനിടെ എട്ട് റൺസ് ചേർക്കുന്നതിനിടയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. 
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യൻ പെയ്‌സർമാർക്കെതിരെ നന്നായി തുടങ്ങിയതായിരുന്നു. അതോടെ ഏഴാം ഓവറിൽ സ്പിന്നിനെ വിളിക്കേണ്ടി വന്നു കോഹ്‌ലിക്ക്. അശ്വിൻ തന്റെ രണ്ടാം ഓവറിൽ ടീമിന് ബ്രെയ്ക്ത്രൂ നൽകി. മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച അലസ്റ്റർ കുക്കിനെ (13) നന്നായി തിരിഞ്ഞ പന്ത് പൂർണമായും കബളിപ്പിക്കുകയും ബെയ്‌ലുകൾ തെറിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരു ടീമുകളും മാറിമാറി കളിയുടെ നിയന്ത്രണം പിടിച്ചു. 
കീറ്റൻ ജെന്നിംഗ്‌സും (42) റൂട്ടും രണ്ടാം വിക്കറ്റിൽ 72 റൺസ് ചേർത്ത് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. പക്ഷെ ഭാഗ്യ വിക്കറ്റ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഷാമിയെ പ്രതിരോധിച്ചതായിരുന്നു ജെന്നിംഗ്‌സ്. കാലിൽ ട്ടിത്തിരിഞ്ഞ പന്ത് സ്റ്റമ്പിളക്കി. ജെന്നിംഗ്‌സിനെ തുടക്കത്തിൽ സ്ലിപ്പിൽ അജിൻക്യ രഹാനെ കൈവിട്ടിരുന്നു. 14 റൺസ് ചേർക്കുമ്പോഴേക്കും ഡേവിഡ് മലനെ (8) ഷാമി വിക്കറ്റിന് മുന്നിൽ കുടുക്കി. 
അതോടെ റൂട്ടും ബയര്‍‌സ്റ്റോയും നിയന്ത്രണമേറ്റെടുത്തു. അനായാസം അവർ സ്‌കോർ ചെയ്തു. ഇന്ത്യയുടെ സ്പിന്നും പെയ്‌സുമൊന്നും വിലപ്പോയില്ല. ഒടുവിൽ കോഹ്‌ലിയുടെ ഏറാണ് ഇംഗ്ലണ്ടിന് ചതിക്കുഴിയൊരുക്കിയത്. രണ്ടാം റണ്ണിനോടിയ റൂട്ട് ഏറെ വ്യത്യാസത്തിൽ റണ്ണൗട്ടായി. റൂട്ടിനെ രണ്ടാം റണ്ണിന് പ്രേരിപ്പിച്ച ബെയർസ്റ്റൊ ഏഴ് റൺസ് ചേർക്കുമ്പോഴേക്കും ക്യാപ്റ്റന് കൂട്ടായി പവിലിയനിലെത്തി. ഉമേഷ് യാദവ് ബൗൾഡാക്കുകയായിരുന്നു. ഉമേഷിനെ കട്ട് ചെയ്യാൻ ശ്രമിക്കവെ ബാറ്റിൽ തട്ടിയ പന്ത് സ്റ്റമ്പ് തെറിപ്പിച്ചു. ജോസ് ബട്‌ലറെ (0) അക്കൗണ്ട് തുറക്കും മുമ്പെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ബെൻ സ്റ്റോക്‌സ് (21) പ്രത്യാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും അശ്വിൻ സ്വന്തം ബൗളിംഗിൽ പിടിച്ചു.

 

Latest News