Sorry, you need to enable JavaScript to visit this website.

മെഡിക്കൽ ഇൻഷുറൻസ്:  14 ദിവസത്തിനകമുള്ള രണ്ടാമത്തെ പരിശോധന സൗജന്യം

റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർ ഒരു രോഗത്തിന് ഡോക്ടറെ കണ്ട് പതിനാലു ദിവസത്തിനകം അതേ രോഗത്തിന് വീണ്ടും ഡോക്ടറെ കാണുകയാണെങ്കിൽ പരിശോധനാ ഫീസ് ഈടാക്കാൻ പാടില്ലെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്, സേവനദാതാക്കളായ ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾക്കോ തൊഴിലുടമകൾക്കോ തൊഴിലാളികളായ ഗുണഭോക്താക്കൾക്കു മേൽ അധിക തുക ചുമത്തുന്നതിന് അവകാശമില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.
ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽനിന്ന് സേവനദാതാക്കൾ പിടിക്കുന്ന തുക ഇൻഷുറൻസ് കമ്പനികളിൽനിന്ന് ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾ കഴിച്ചുള്ള പരിശോധനാ, ചികിത്സാ ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കേണ്ടത്, അല്ലാതെ ആകെ തുകയുടെ അടിസ്ഥാനത്തിലല്ല. ഇക്കാര്യങ്ങളെല്ലാം അറിയിച്ച് ഇൻഷുറൻസ് കമ്പനികൾക്കും സേവന ദാതാക്കളായ അംഗീകൃത ആരോഗ്യ സേവന കേന്ദ്രങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ഇൻഷുറൻസ് വക്താവ് യാസിർ അൽമആരിക് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് നിയമവും ഏകീകൃത പോളിസി വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്കും സേവന ദാതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടറെ കാണുമ്പോൾ ഗുണഭോക്താക്കൾ നൽകുന്ന നിശ്ചിത അനുപാതം അനുസരിച്ച തുക ഡോക്ടറുടെ കൺസൾട്ടിംഗ്, ആവശ്യമായ ലാബ് ടെസ്റ്റുകൾ, എക്‌സ്‌റേ, മരുന്നുകൾ, മറ്റു ചികിത്സാ വസ്തുക്കൾ, ഫോളോഅപ് വിസിറ്റ്, ഇതേ രോഗത്തിന് മറ്റു ആശുപത്രികളിലേക്കോ ഡോക്ടറുടെ അടുത്തേക്കോ റഫർ ചെയ്യൽ എന്നിവക്കെല്ലാമുള്ള ചെലവുകൾ ഉൾപ്പെടുന്നു. ഇവക്കെല്ലാം ഓരോന്നിനും പ്രത്യേകം പ്രത്യേകം നിശ്ചിത അനുപാതം തുക പിടിക്കാൻ പാടില്ല. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ച ശൃംഖലയിൽപെടുന്ന ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 75 റിയാൽ വരെയും പുറത്തെ ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 300 റിയാൽ വരെയും ശൃംഖലക്ക് പുറത്തെ മറ്റു സേവന ദാതാക്കളിൽ ഡോക്ടറെ കാണുന്നതിന് ഇരുപതു ശതമാനം പരമാവധി 100 റിയാൽ വരെയും മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽനിന്ന് ഈടാക്കാവൂ. 
തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന നിയമലംഘനങ്ങളെക്കുറിച്ച് സ്വകാര്യ മേഖലാ ജീവനക്കാർ 920001177 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ ഇ-മെയിൽ വഴിയോ ആപ്പ് വഴിയോ സാമൂഹിക മാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകളിലൂടെയോ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെ അറിയിക്കണമെന്ന് കൗൺസിൽ വക്താവ് യാസിർ അൽമആരിക് ആവശ്യപ്പെട്ടു. 

 

Latest News