Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നിന്ന് ഉംറക്കെത്തി അപകടത്തില്‍ മരിച്ച നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഖബറടക്കി

അപകടത്തില്‍ മരിച്ച ബാംഗ്ലൂര്‍ സ്വദേശി ഗൗസ് ബാഷ ദാന്തു, മക്കളായ മുഹമ്മദ് ഇഹാന്‍ ഗൗസ, മുഹമ്മദ് ദാമില്‍ ഗൗസ്

റിയാദ്- കുവൈത്തില്‍ നിന്ന് ഉംറക്കെത്തി മടക്കയാത്രയില്‍ റിയാദില്‍ അപകടത്തില്‍ പെട്ട് മരിച്ച നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബാംഗ്ലൂര്‍ സ്വദേശി ഗൗസ് ബാഷ ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ഇഹാന്‍ ഗൗസ് (4), മുഹമ്മദ് ദാമില്‍ ഗൗസ് (2) എന്നിവരുടെ മൃതദേഹങ്ങളാണ് നസീം ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഖബറടക്കിയത്. കത്തിക്കരിഞ്ഞ മൃതദഹങ്ങള്‍ ഡിഎന്‍എ പരിശോധനയടക്കം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഖബറടക്കത്തിന് സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചത്.
ഓഗസ്റ്റ് 25നാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രയ്‌ലറും തുമാമയില്‍ അല്‍തൂഖി റോഡില്‍ പുലര്‍ച്ചെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കാറിന് തീപിടിക്കുകയും എല്ലാവരും തിരിച്ചറിയാനാകാത്ത വിധം വെന്തുമരിക്കുകയായിരുന്നു. ട്രയ്‌ലര്‍ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഗൗസ് ബാഷയുടെ പാതി കത്തിയ കുവൈത്തി ഇഖാമ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഇതില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ട്രാഫിക് വിഭാഗം ഇവരുടെ ബോര്‍ഡര്‍ നമ്പര്‍ ശേഖരിച്ചു. ശേഷം എംബസി വളണ്ടിയറായ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടു. കിട്ടിയ രേഖകള്‍ വെച്ച് മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയും മൃതദേഹങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു.
പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ റുമാഹ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ കാരണമാണ് മൃതദേഹം ഖബറടക്കാന്‍ വൈകിയത്. ദമാമിലുള്ള തബ്‌റാകിന്റെ സഹോദരിയും അമേരിക്കയിലുള്ള ഗൗസിന്റെ സഹോദരന്‍ ഇംതിയാസും റിയാദിലെത്തിയ ശേഷമാണ് ഡിഎന്‍എ നടപടികള്‍ പൂര്‍ത്തിയായത്. നസീം ഖബര്‍സ്ഥാനില്‍ അടുത്തടുത്ത ഖബറുകളാണ് മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമായി ഒരുക്കിയത്. ഫോറന്‍സിക് സെന്റര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാപ്റ്റന്‍ സഈദ് ജനാസ നിസ്‌കാരത്തിലും ഖബറടക്കത്തിലും സംബന്ധിച്ചിരുന്നു. ഇന്ത്യന്‍ എംബസി, ട്രാഫിക് പോലീസ്, ക്രൈം പോലീസ്, ആശുപത്രി ഉദ്യോഗസ്ഥരിൽ നിന്ന് നിസ്സീമമായ സഹായമാണ് ലഭിച്ചതെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

English Summary: The bodies of a four-member family who died in an accident while reaching Umrah from Kuwait were buried

Latest News