കോട്ടയം -ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോൺഗ്രസ് നേതാക്കൾ ഒരേ വേദിയിൽ. കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച പി.ടി ചാക്കോ അനുസ്മരണ ചടങ്ങിലാണ് പിളർന്നു നിൽക്കുന്ന കേരളാ കോൺഗ്രസുകളുടെ യോജിപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നത്. കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണി, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ, ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കേരളാ കോൺഗ്രസുകൾ ഒന്നിക്കുന്നതിന് കെ.എം മാണി മുൻകൈയെടുക്കണമെന്ന ആവശ്യം ജോണി നെല്ലൂരാണ് പ്രസംഗത്തിൽ ഉന്നയിച്ചത്.
കേരളാ കോൺഗ്രസുകളുടെ ഐക്യത്തിനു തന്നെ കെ.എം മാണിയെ ചുമതലപ്പെടുത്തിയ കാര്യം പി.സി തോമസ് തന്നെയാണ് സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.എം മാണിയാണു ഐക്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഐക്യത്തിനു മുമ്പുള്ള സൗഹൃദത്തിൽ കഴിയുന്ന കാലമാണിതെന്നും കൂട്ടിക്കെട്ടിയുള്ള ഐക്യത്തിനു മുമ്പ് സൗഹൃദം ആവശ്യമാണെന്നും മാണി പറഞ്ഞു. സൗഹൃദത്തിന്റെ പ്രബേഷൻ പീരിയഡിനു ശേഷമാണു ഐക്യത്തിലേക്കു നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യത്തെക്കുറിച്ചുള്ള മറവിയാണു കേരളാ കോൺഗ്രസുകളിലെ പ്രധാന പ്രശ്‌നങ്ങൾക്കു കാരണമെന്ന് തുടർന്നു സംസാരിച്ച ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മനസിൽ വലിയ ആഗ്രഹങ്ങളുള്ള നേതാക്കളാണു കേരളാ കോൺഗ്രസിലേതെന്നും മാണി മുൻകൈയെടുത്ത് കേരളാ കോൺഗ്രസുകളെ ഒന്നിപ്പിക്കണമെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.
ഇതേത്തുടർന്നാണ് ഐക്യത്തിനായി തന്നെ മാണി ചുമതലപ്പെടുത്തിയതായി പി.സി തോമസ് പറഞ്ഞത്. എന്നാൽ, ഫ്രാൻസിസ് ജോർജിന്റെ മനസ് എന്താണെന്ന് അറിയില്ലെന്നും മാണി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനത്തിന് മുമ്പേ തങ്ങൾ തയാറാണെന്നായിരുന്നു ഫ്രാൻസിസ് ജോർജ് നൽകിയ മറുപടിയെന്നും പി.സി തോമസ് കൂട്ടിച്ചേർത്തു. തുടർന്നു നാലു നേതാക്കളും മാധ്യമങ്ങൾക്കു മുന്നിൽ പരസ്പരം കൈ കൊടുത്താണ് പിരിഞ്ഞത്. ഇപ്പോൾ മാണി വിഭാഗവും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫിനൊപ്പമാണ്. പി.സി തോമസ് എൻഡിഎ പക്ഷത്തും ഫ്രാൻസിസ് ജോർജ് എൽഡിഎഫുമായി സഹകരിച്ചും പ്രവർത്തിക്കുകയാണ്. കേരളാ കോൺഗ്രസ് വിഭാഗങ്ങൾ ഒന്നിച്ചാൽ അത് കേരള രാഷ്ട്രീയത്തിലെ വലിയ ശക്തിയായി മാറുകയും അഞ്ചിലധികം ജില്ലകളിൽ പ്രധാന പാർട്ടിയായി മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.