തിരുവനന്തപുരം- കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ അറിവോടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്ന പരാതിയില്‍ കെ.പി.സി.സി ഇടപെടില്ല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയല്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച 300 പേര്‍ക്കാണ് 13 കോടി രൂപ തിരിച്ചുകിട്ടാനുള്ളത്. സൊസൈറ്റി പ്രഡിഡന്റ് എം. രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചിച്ചെന്നാണ് ആരോപണം. അതേസമയം ഇവര്‍ക്ക് പണം തിരികെ നല്‍കാനായി വായ്പയായി കൊടുത്തിട്ടുള്ള പണം തിരികെപ്പിടിക്കാന്‍ ജപ്തി നടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രന്‍ പറയുന്നു.
നിക്ഷേപം തിരിച്ചുകിട്ടാത്ത പരാതിക്കാര്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെക്കണ്ട് ആശങ്കയറിയിച്ചിരുന്നു. തനിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ പങ്കില്ലെന്ന നിലപാടാണ് ശിവകുമാര്‍ കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചത്. സൊസൈറ്റിയുടെ ഉദ്ഘാടകനെന്ന ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവകുമാര്‍ പറയുന്നത്. ശിവകുമാറിന്റെ വിശദീകരണത്തോടെ വിഷയത്തില്‍ നേരിട്ടിടപെടേണ്ടതില്ലെന്നാണ് കെ.പി.സി.സി. വിലയിരുത്തുന്നത്. വി.എസ്. ശിവകുമാറിനെ വിശ്വസിച്ചാണ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്.