Sorry, you need to enable JavaScript to visit this website.

 തീവ്രവാദ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ  ശിഹാബ് തങ്ങൾ ഉത്സാഹിച്ചു -ഡോ. എം.കെ.മുനീർ

മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട് - സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മഹാ മാതൃക തീർത്ത് വിടവാങ്ങിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന അനിഷേധ്യനായ നേതാവാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങൾ. 
മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ തിരക്കുപിടിച്ച ജീവിതം നയിച്ചപ്പോഴും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട നേതാവായിരുന്നു അദ്ദേഹം. ഏതു പ്രശ്‌നങ്ങളെയും സമചിത്തതയോടെയും സമവായത്തിലൂടെയും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ട തങ്ങളെ എല്ലാ വിഭാഗം ജനങ്ങളും ബഹുമാനത്തോടെയാണ് നോക്കിക്കണ്ടത്. മത സൗഹാർദം ഊട്ടി ഉറപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആർക്കും വിസ്മരിക്കാനാവില്ല. കേരളത്തിൽ പലപ്പോഴായി ഉണ്ടായിട്ടുള്ള വർഗീയ സംഘർഷ മേഖലകളിൽ ഒരു ശാന്തി ദൂതനായെത്തി അവിടത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സ്‌നേഹ സന്ദേശം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു. 
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തി. എല്ലാവരുടെയും ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന നേതാവാണ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവിതം കൊണ്ട് ജനങ്ങളുടെ മൊത്തം സ്‌നേഹവും ആദരവും പിടിച്ചുപറ്റാൻ തങ്ങൾക്ക് സാധിച്ചു. ലോകോത്തര നിലവാരത്തിൽ അറിയപ്പെട്ടപ്പോഴും സാധാരണക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ മുൻപന്തിയിലായിരുന്നു. ബാബരി മസ്ജിദ് തകർച്ചയോടു കൂടി കേരളത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടാൻ ചില കേന്ദ്രങ്ങളിൽ ശ്രമം നടന്നപ്പോൾ സമാധാനം നിലനിർത്താനുള്ള ആഹ്വാനം നടത്താൻ പല സംഘടനകളും സമീപിച്ചത് ശിഹാബ് തങ്ങളെയായിരുന്നു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
ശിഹാബ് തങ്ങളുടെ ഓർമ നിലാവ് പോലെയാണെന്നും എല്ലാ അർഥത്തിലും അതിശയിപ്പിച്ച നേതാവായിരുന്നു തങ്ങൾ എന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. പാവപ്പെട്ട ജനങ്ങളോട് ഏറെ സ്‌നേഹം കാണിച്ച തങ്ങൾ അവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നൽകിയ തങ്ങൾ പാവപ്പെട്ട ഒരുപാട് കുട്ടികളെ പഠിപ്പിക്കാൻ സഹായം നൽകിയിട്ടുണ്ട്. രാഷ്ട്രീയ-മത രംഗത്ത് പ്രവർത്തിക്കുമ്പോഴും തങ്ങൾ എഴുത്തിലും വായനയിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട് -സമദാനി പറഞ്ഞു. 
കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ അതിനെ ഇല്ലായ്മ ചെയ്യാൻ ശിഹാബ് തങ്ങളുടെ ശക്തമായ ഇടപെടലുകൾ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി അഹമ്മദലി, വി.കെ അബ്ദുൽ ഖാദർ മൗലവി, സെക്രട്ടറി കെ.എസ് ഹംസ, എം.എൽ.എമാരായ പി.ബി അബ്ദുൽ റസാഖ്, എൻ.എ നെല്ലിക്കുന്ന്, കെ.എം ഷാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.
 

Latest News