ന്യൂദല്‍ഹി- ദല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരന്‍ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ഇന്നാണ് ദല്‍ഹിയില്‍ അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്ക് ഒപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. ദല്‍ഹിയിലെ ഒളിയിടത്തില്‍ നിന്നാണ് അറസ്റ്റ്. വാഹനമോഷണക്കേസില്‍ ഇയാളെ കഴിഞ്ഞ ജൂലൈയില്‍ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചത്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും പിടിയിലായിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദല്‍ഹി പോലീസ് അറിയിച്ചു.