ന്യൂഡൽഹി - പാറശ്ശാല ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊന്ന കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹരജി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
ഷാരോൺ വധക്കേസ് കേരളാ പോലീസാണ് അന്വേഷിച്ചത്. അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപോർട്ട് ഫയൽ ചെയ്തത്. ഈ കോടതിക്ക് പ്രസ്തുത കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് കാമുകനായ ഷാരോണിന് വിഷക്കഷായം നൽകി കൊന്ന കേസിലെ മുഖ്യപ്രതി ഗ്രീഷ്മയും മറ്റ് രണ്ട് പ്രതികളും സുപ്രീംകോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിലുള്ളത്.
കുറ്റകൃത്യം നടന്നതായി പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. അതിനാൽ നാഗർകോവിലിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നാണ് പ്രതികളുടെ വാദം.
സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനെ തുടർന്ന് 2022 ഒക്ടോബർ 14-ന് രാവിലെ പത്തരയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി ചതിയിൽ കൊലപ്പെടുത്തുകയായിരുന്നു യുവതിയും കുടുംബവും. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2023 ഒക്ടോബർ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 25-നാണ് ഗ്രീഷ്മയ്ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് അട്ടിമറിക്കാൻ പ്രതിയും കുടുംബവും നടത്തുന്ന ഗൂഢനീക്കത്തിനെതിരെ രൂക്ഷ വിമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.