Sorry, you need to enable JavaScript to visit this website.

ആടുജീവിതത്തിൽ നിന്ന് മോചനം; വിശ്വസിക്കാനാവാതെ മുനിയസ്വാമി

ആടുജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട മുനിയസ്വാമി സാമൂഹ്യ പ്രവർത്തകൻ സിറാജ് പുറക്കാടിനും സഹപ്രവർത്തകർക്കുമൊപ്പം.

വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഒന്നര വർഷമെന്ന് വെളിപ്പെടുത്തൽ

 ദമാം- വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഒന്നര വർഷത്തിൽ കൂടുതലായെന്ന് വെളിപ്പെടുത്തുമ്പോൾ മുനിയസ്വാമിയുടെ കണ്ണിൽനിന്ന് ഉതിർന്നു വീണ കണ്ണുനീർ കൂടി നിന്നവരെയും കരയിപ്പിച്ചു. സമാനതകളില്ലാത്ത ദുരിതമനുഭവിച്ച ആട് ജീവിതത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് മുനിയസ്വാമി സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല.
19 മാസം മുമ്പാണ് തലചായ്ക്കാൻ ഒരു കൂര സ്വപ്നം കണ്ട് സ്വർണം കൊയ്യുന്ന പ്രവാസത്തിലേക്ക് മുനിയസ്വാമി എത്തുന്നത്. വിസാ ഏജന്റിന്റെ മധുര വാഗ്ദാനങ്ങളിൽ മയങ്ങി 60,000 രൂപ നൽകിയാണ് പച്ചക്കറി തോട്ടത്തിലെ ഡ്രൈവർ വിസയിൽ എത്തുന്നത്. എന്നാൽ സൗദിയിലെത്തിയത് മുതൽ മരുഭൂമിയിൽ എത്രയോ ദൂരെ വെള്ളവും വെളിച്ചവുമില്ലാത്ത ഒരിടത്ത് കൊണ്ടെത്തിക്കുകയായിരുന്നു സ്‌പോൺസർ. ആട്ടിൻ പറ്റങ്ങളുമായി രാപകൽ ഭേദമന്യേ മരുഭൂമിയിൽ കഴിച്ചു കൂടാനായിരുന്നു വിധി. രണ്ടാഴ്ചയിൽ ഒരിക്കൽ സ്‌പോൺസർ അവിടം സന്ദർശിക്കും. സന്ദർശനത്തിൽ എന്തെകിലും കാരണങ്ങൾ കണ്ടെത്തി അദ്ദേഹത്തിന്റെ വക കടുത്ത മർദനം. മൂന്നോ നാലോ മാസമാകുമ്പോൾ കുറച്ചു വെള്ളവും കുബ്ബൂസും ടിൻ ഫിഷും എത്തിക്കും. ഫിഷ് ഒന്ന് ചൂടാക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിൽ പച്ചക്ക് കഴിക്കുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. തണുപ്പും ചൂടും സഹിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. വന്ന് ആദ്യത്തെ ആറ് മാസത്തെ ശമ്പളം ഏജന്റ് പറഞ്ഞ ശമ്പളത്തിൽനിന്ന് വെട്ടിക്കുറച്ചാണെങ്കിലും ലഭിച്ചു. അത് സ്‌പോൺസർ തന്നെ നാട്ടിലേക്കയച്ചു. ഒരു ചെറിയ മൊബൈലും വാങ്ങിച്ചു. അതുകൊണ്ട് കുറച്ചു ദൂരത്തേക്കു നടന്നു നീങ്ങി വീട്ടിൽ ബന്ധപ്പെട്ടിരുന്നു. ഇതു കണ്ടു വന്ന സ്‌പോൺസർ അക്കാരണം പറഞ്ഞും മർദിച്ചു. ഇതിനു ശേഷം 12 മാസമായി ഒരു റിയാൽ പോലും സ്‌പോൺസർ നൽകിയില്ല. സ്‌പോൺസറുടെ വരവും നിലച്ചു. മാസങ്ങൾക്ക് ശേഷമാണ് സ്‌പോൺസർ ഈ സ്ഥലത്തേക്ക് വന്നത്. നാല് മാസം മുമ്പ് അമ്മ അത്യാസന്ന നിലയിൽ നാട്ടിൽ ആശുപത്രിയിൽ കഴിയുന്ന വിവരം അറിഞ്ഞു സ്‌പോൺസറെ ബന്ധപ്പെട്ടു. കുറച്ചു പണം നാട്ടിലേക്കയക്കാൻ കഴിഞ്ഞാൽ അമ്മയെ രക്ഷിക്കാൻ കഴിയുമെന്ന് കേണപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. ശസ്ത്രക്രിയക്ക് പണമില്ലാതെയാണ് തന്റെ അമ്മ മരിച്ചതെന്നു പറഞ്ഞ് മുനിയസ്വാമി സാമൂഹ്യ പ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. 
ഒരാഴ്ച മുമ്പ് മുനിയസ്വാമി മരുഭൂമിയിൽ നിന്നും ഒളിച്ചോടുകയായിരുന്നു. വൈകിട്ട് ആറ് മണിക്ക് മരുഭൂമിയിലൂടെ നടന്നു നീങ്ങിയ ഇദ്ദേഹം രാവിലെ എട്ടു മണിക്ക് ജുബൈലിൽ എത്തിച്ചേർന്നു. പലരുടെയും സഹായത്താൽ ജുബൈൽ പോലീസിലും അവിടന്ന് പിന്നീട് ദമാം ഇന്ത്യൻ എംബസി സേവന കേന്ദ്രമായ വി.എഫ്.എസിലുമെത്തി. അവിടെ വെച്ച് സാമൂഹ്യ പ്രവർത്തകൻ സിറാജ് പുറക്കാട് കേസ് ഏറ്റെടുക്കുകയും മുനിയസ്വാമിയെ കൂട്ടി ആദ്യം ദമാം ലേബർ ഓഫീസിൽ പരാതി നൽകി. സാമൂഹ്യ പ്രവർത്തകരായ നിസാർ മാന്നാർ, രാജേഷ് കായംകുളം എന്നിവരോടൊപ്പം നാസ് വക്കത്തിന്റെ താമസ സ്ഥലത്ത് എത്തിച്ച് സൗകര്യം ഒരുക്കി. ഉച്ചക്ക് ഭക്ഷണം കഴിക്കുവാൻ ചോറും കറികളും കണ്ടപ്പോഴുള്ള ആർത്തിയും അതിനൊപ്പം ഉതിർന്നു വീണ കണ്ണീരും മുനിയസ്വാമിയുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറി. വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കകം ഗൾഫിലെത്തിയ ഇദ്ദേഹത്തിനും അവിവാഹിതയായ ഒരു സഹോദരിയും പ്രായമായ അച്ഛനും മാത്രമാണ് വീട്ടിൽ. ഈ കുടുംബത്തിന്റെ ഏക അത്താണിയായ ഇദ്ദേഹം നാട്ടിലെത്തുന്നതും കാത്തിരിക്കയാണ് ഇവർ. നാട്ടിലെത്തി എന്തെങ്കിലും ജോലി ചെയ്തു കഞ്ഞി കുടിച്ചാണെങ്കിലും കുടുംബത്തോടൊപ്പം കഴിയാമല്ലോ എന്നാണു മുനിയസ്വാമിയുടെ ആഗ്രഹം. വൈകാതെ ഇദ്ദേഹത്തിന്റെ യാത്രാ രേഖകൾ ശരിയാക്കി നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് സിറാജും സഹപ്രവർത്തകരും പറയുന്നു. 

Latest News