തിരുവനന്തപുരം - തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണെന്ന് സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാർ. തിരുവനന്തപുരത്ത് സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് '23 നാസ്തിക സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമുണ്ടോ എന്ന സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ അവകാശപ്പെട്ടു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അനിൽകുമാർ പറഞ്ഞു. സി.പി.എം നേതാവിന്റെ പരാമർശത്തിനെതിരെ സമൂഹമാധ്യമത്തിൽ വൻ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അഡ്വ. കെ അനിൽകുമാറിന്റെ പ്രസംഗത്തിൽ നിന്ന്
'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.
പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കിൽ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാവും. മതത്തിൽ വിശ്വസിക്കുന്നുണ്ടാവും. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം'.