കൊച്ചി - കോട്ടയം സ്വദേശിയായ ഏഴുമാസം പ്രായമുള്ള കുഞ്ഞിനുണ്ടായ അനുഭവം കൊച്ചു കുട്ടികളുള്ള എല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ പിഞ്ഞു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടും. നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിയും മൂലം കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ എഴുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ ഇ ഡി ബള്‍ബാണ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. പലവിധ മരുന്നുകള്‍ കഴിച്ചിട്ടും ബുദ്ധിമുട്ടുകള്‍ കുറയാതെ വന്നതോടെ എക്‌സ്‌റേ പരിശോധനയിലാണ് ശ്വാസകോശത്തില്‍ ഏതോ ഒരു വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രക്ഷിതാക്കള്‍ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തെ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തിയത്. രക്തം കൊണ്ട് മൂടിയ നിലയിലായതിനാല്‍ ഇത് എല്‍ ഇ ഡി ബള്‍ബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ ഇ ഡി ബള്‍ബാണെന്ന് വ്യക്തമാകുന്നത്. ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എല്‍ ഇ ഡി ബള്‍ബാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്. കുട്ടികള്‍ കളിപ്പാട്ടങ്ങളിലേയും മറ്റും ചെറിയ വസ്തുക്കള്‍ അകത്ത് ചെന്ന നിലയില്‍ ചികിത്സയില്‍ എത്താറുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ ഏഴ് മാസം പ്രായമുള്ള കുട്ടിയെ ചികിത്സിക്കേണ്ടി വന്നത് ആദ്യമാണെന്നാണ് കുട്ടിയുടെ ചികിത്സയക്ക് നേതൃത്വം നല്‍കിയ ഡോ. ടിങ്കു ജോസഫ് പറയുന്നത്. ഇതിനൊപ്പം തന്നെ ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കുന്നു. വിപണിയില്‍ ലഭ്യമായിട്ടുള്ള പല കളിപ്പാട്ടങ്ങളിലും എല്‍ ഇ ഡി ബള്‍ബ് പോലുള്ള സാധനങ്ങള്‍ സാധാരണയായി കാണാറുണ്ട്. ഇവ കുട്ടികള്‍ അശ്രദ്ധമായി ഉപയോഗിക്കുമ്പോള്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറുന്നു. ഇവിടെ എല്‍ ഇ ഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തിന് ഉള്ളിലേക്ക് കടന്നതിലാണ് വലിയ അപകടം ഒഴിവായതെന്ന് ഡോ.ടിങ്കു ജോസഫ് പറയുന്നു. ശ്വാസ നാളിയിലോ മറ്റോ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങിയിരുന്നുവെങ്കില്‍ ശ്വാസ തടസം നേരിട്ട് ജീവഹാനിക്ക് സാധ്യതയുണ്ടായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
വിപണിയില്‍ ലഭിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കാതിരിക്കുകയെന്നത് മാത്രമാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗം. കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ വായിലൂടെ കുട്ടികളുടെ ശരീരത്തിനുള്ളിലേക്ക് കടയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്ലെന്ന് ഉറപ്പു വരുത്തണം. അതിന് കഴിയുന്നില്ലെങ്കില്‍ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രം ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നതാണ് നല്ലത്.