വൈക്കം - പാലം പൈലിംഗിനിടെ വൈദ്യുതപോസ്റ്റിന് സമീപത്തു നിന്നും തിളച്ച വെള്ളം. വൈക്കം മറവൻതുരുത്ത് ചെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിനു കുറുകെ നിർമ്മിക്കുന്ന മൂലേക്കടവ് പാലത്തിന്റെ പൈലിംഗിനിടയിൽ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് തിളച്ച വെള്ളം പുറത്തേക്കു വന്നത്.
. സംഭവം തൊഴിലാളികളിലും കേട്ടറിഞ്ഞെത്തിയ നാട്ടുകാരിലും മറ്റും പരിഭ്രാന്തി പരത്തി. വൈദ്യുതി തകരാറുമായി ബന്ധപ്പെട്ടാണോ ഭൂമിക്കടിയിൽനിന്ന് തിളച്ച വെള്ളം എത്തുന്നതെന്ന സംശയത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പരിശോധിച്ചു. എന്നാൽ, വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറവൻതുരുത്ത് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ശേഷം അവർ ജിയോളജിസ്റ്റുമായി ബന്ധപ്പെട്ടു ചർച്ച നടത്തി.
നിരന്തരം പൈലിംഗ് നടത്തുമ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന താപം ദുർബലമായ സ്ഥലത്തുകൂടി പുറത്തുവരുന്നതിനാലാണ് വെള്ളം തിളച്ചുമറിയുന്നതെന്ന് അവർ പറഞ്ഞു. ഇതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് പറഞ്ഞു.