കരുവന്നൂര്‍ മുതലാക്കാന്‍ സുരേഷ് ഗോപി, നാളെ പദയാത്ര

തൃശൂര്‍ - സഹകരണ മേഖലയിലെ കൊള്ളക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും  ബി.ജെ.പി തൃശൂര്‍  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ രാജ്യസഭാ എം.പിയും സിനിമാതാരവുമായ  സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര നാളെ. ഉച്ചയ്ക്ക് 1.30 ന് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍  കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ അനീഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും. പദയാത്രക്ക് മുന്‍പ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍  മനം നൊന്ത് ആത്മഹത്യ ചെയ്തവരുടെയും ചികിത്സ കിട്ടാതെ മരിച്ചവരുടേയും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.  കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ആരംഭിച്ച്  ഊരകം ചേര്‍പ്പ് ചെവ്വൂര്‍  പാലക്കല്‍  കണിമംഗലം കൂര്‍ക്കഞ്ചേരി വഴി കുറുപ്പം റോഡിലൂടെ സ്വരാജ് റൗണ്ടില്‍ കയറി തൃശൂര്‍ കോര്‍പ്പറേഷന്  മുന്‍വശത്ത് പദയാത്ര സമാപിക്കും.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി  എം.ടി രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സഹകരണ ബാങ്കുകളില്‍ പണം നഷ്ടപ്പെട്ട ഒട്ടനവധി സഹകാരികള്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

 

Latest News