കൊച്ചി- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയില്‍ നിന്നുള്ള കുരുന്നുകള്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി- ജംഷഡ്പൂര്‍ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്‌കൂളിലെ കുരുന്നുകള്‍ കൊച്ചിയില്‍ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാര്‍ക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാര്‍ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.
പട്ടിക ജാതി, പട്ടികവര്‍ഗ മന്ത്രി കെ. രാധാകൃഷ്ണന്‍ മത്സരവേദിയില്‍ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയ വിദ്യാര്‍ഥികള്‍ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും ആസ്വദിച്ച് നഗരം ചുറ്റിക്കണ്ടു. സ്‌കൂള്‍ പ്രിന്‍സിപ്പളും അധ്യാപകരുമാണ് ആറു വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം എത്തിയത്. ഫുട്‌ബോള്‍ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് നയിച്ചതിച്ചിന്റെ അഭിമാനത്തില്‍ അവര്‍ തിരികെ മലമ്പുഴയിലേക്ക് മടങ്ങും.
'ആരാലും ശ്രദ്ധിക്കപ്പെടാത്ത കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഷ്യയില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടിള്‍ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണ്' പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനൂപ് ആര്‍ പറഞ്ഞു.