ജിസാൻ - അബൂ അരീശ് അൽശുഹദാ പാർക്കിൽ മുല്ലപ്പൂ, സുഗന്ധ സസ്യങ്ങൾ എന്നിവയുടെ ഉത്സവം തുടങ്ങി. ജിസാൻ പ്രവിശ്യയിലെ ഫൽവർ ആന്റ് അരോമാറ്റിക് പ്ലാന്റ്‌സ് അസോസിയേഷനിലെ 48 കുടുംബങ്ങളാണ് വിവിധയിനം മുല്ലപ്പൂക്കളും സുഗന്ധ സസ്യങ്ങളുമായി കൃഷി മന്ത്രാലയം, വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ ഉത്സവം സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം കാണാനും പൂക്കൾ വാങ്ങാനും നിരവധി സന്ദർശകരെത്തുന്നുണ്ട്.
ഈ കുടുംബങ്ങളുടെ കരകൗശല വസ്തുക്കൾ ഉൾപ്പെടെ വിവിധ കുടിൽ ഉൽപന്നങ്ങളും ഇവിടെ വിൽപനക്കുണ്ട്. കുടുംബാംഗങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും വികസിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ജിസാൻ മേഖലകളിലെ വിവിധ വനിത സംരംഭകരുടെ പ്രൊമോഷനും ഇവിടെ നടക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് പൂമാലകളുപയോഗിച്ചുള്ള അലങ്കാരങ്ങളും വിൽക്കുന്നു. മുല്ലപ്പൂ ചൂടിയ കുട്ടികൾ ഇവിടുത്തെ ആകർഷണമാണ്. കുടുംബങ്ങൾ ഉണ്ടാക്കുന്ന നിരവധി സുഗന്ധ ദ്രവ്യങ്ങൾ, കർപ്പൂരം, ബഈത്‌റാൻ, ശദ്ദാബ്, നർജിസ്, മല്ലികപ്പൂ തുടങ്ങിയ വിവിധ പുഷ്പങ്ങളാണ് ഇവിടെയുള്ളത്. അതോടൊപ്പം പ്രദേശിക ഭക്ഷ്യവൈവിധ്യങ്ങളും ലഭ്യമാണ്.