യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി - അടിമാലിയില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും, 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പരാതിയില്‍ അടിമാലി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി പ്ലാമൂട്ടില്‍ ബേസില്‍ (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അടിമാലി സ്വദേശിയായ ബേസില്‍. അവിടെ വെച്ച് പരാതിക്കാരിയുമായി പ്രണയത്തിലായി. ഏതാനും നാള്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഒന്നിച്ച് താമസിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ഇയാള്‍ക്ക് യു.കെ.യില്‍ ജോലി തരപ്പെട്ടു.  ഈ ജോലിയുടെ ചെലവിനായി 35 ലക്ഷം രൂപ യുവതിയോടും ഇവരുടെ വീട്ടുകാരോടും ബേസില്‍ വാങ്ങി. വിദേശത്ത് എത്തിയതോടെ യുവാവ് യുവതിയേയും അവരുടെ കുടുംബത്തേയും ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. 
ഇതിനിടെ ബേസില്‍ വേറെ വിവാഹത്തിന് ശ്രമം തുടങ്ങി. മുവാറ്റുപുഴ സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനായി ബേസില്‍ അടുത്തിടെ രഹസ്യമായി കേരളത്തില്‍ എത്തി. കഴിഞ്ഞ ആഴ്ച്ച  മുവാറ്റുപുഴയില്‍ വെച്ച് ബേസിലിന്റെ  മനസമ്മതവും നടന്നു. അടുത്ത ആഴ്ച്ച അടിമാലിയില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ബേസിലിന്റെ വിവാഹ വിവരം  യുവതി അറിയുകയും വ്യാഴാഴ്ച്ച രാത്രി അടിമാലിയില്‍ എത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News