വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന
ബേപ്പൂരിലെ സിവില്‍ പോലീസ് ഓഫീസറായ ഹാജിറ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ഓര്‍ത്തുവെക്കേണ്ടതാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദ്യാനുഭവമായതു കൊണ്ട് പറയാതിരിക്കാനും വയ്യ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ാം തിയ്യതി ഞായറാഴ്ച . ഡ്യൂട്ടിയിലായിരുന്നു.ഉച്ചയൂണിന് രണ്ടര മണി കഴിഞ്ഞാണ് ഇറങ്ങിയത്. കല്ലംപാറയില്‍ ഉമ്മയുടെ അടുത്തു പോയി. ഊണു കഴിഞ്ഞ് 3 മണിയോടെ രാമനാട്ടുകര വഴി പോകേണ്ട അത്യാവശ്യത്തിന് വീട്ടീന്ന് ഇറങ്ങി. കല്ലം പാറ രാമനാട്ടുകര റോഡിലൂടെ കുറച്ചു ദൂരം ചെന്നപ്പോള്‍ റോഡരികില്‍ ചെറിയ ഒരു ആള്‍ക്കൂട്ടം കണ്ടു. ടൂ വീലര്‍ സൈഡാക്കി നിര്‍ത്തി ഞാനും ചെന്നു നോക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളില്‍ ഇരുന്ന് ഒരാള്‍ ആടിയാടി മോട്ടോര്‍ സൈക്കിളിന്റെ ടാങ്കിന് മുകളിലേക്ക് മുഖം കുനിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. കൂട്ടം കൂടി നിന്നവര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു. ഒരു കൂട്ടര്‍ ഫറോക്ക് സ്‌റ്റേഷനിലേക്ക് വിളിക്കുന്നു. പി.ആര്‍.ഒ യെ വിളിക്കുന്നു. നിരന്തരം വിളി തുടരുകയാണ്.
ഇയാള്‍ നല്ല പൂസാണ് .... തണ്ണിയടിച്ചിട്ട് വണ്ടി ഓടിക്കാന്‍ വയ്യാതെ ഇരിക്കുകയാണ്. തൊട്ടടുത്ത് നിന്ന് വിളിച്ച് നോക്കി. യാതൊരു പ്രതികരണവുമില്ല. ഫറോക്ക് സ്‌റ്റേഷന്റെ വണ്ടി വന്നാല്‍ അയാളെ ഏല്‍പിക്കണം. ഇങ്ങനെ പൂസായി വണ്ടി ഓടിച്ചതിന് കേസ് എടുക്കണം. കഴിയുമെങ്കില്‍ ഇന്നു രാത്രി തന്നെ കോടതി അയാളെ തൂക്കി ക്കൊല്ലാന്‍ വിധിക്കണം. അവിടെ കൂടിയവരുടെ ആവശ്യം അതു മാത്രമായിരുന്നെന്ന് അഭിപ്രായ പ്രകടനത്തില്‍ നിന്നും എനിക്ക് മനസ്സിലായി എനിക്ക് എന്തോ പന്തികേട് തോന്നി. മദ്യത്തിന്റെ മണമൊന്നും അടുത്തു നിന്നപ്പോ കിട്ടിയില്ല. അവിടെ കൂടി നിന്നവരോട് ഞാന്‍, ഒരു ഓട്ടോ റിക്ഷ വിളിച്ചു തരാന്‍ അഭ്യര്‍ത്ഥിച്ചു. വലിയ ആവേശമൊന്നും കണ്ടില്ല.
ഭാഗ്യത്തിന് കല്ലംപാറ ഭാഗത്തു നിന്നും ഒരു ഓട്ടോ വന്നു. ഓടിച്ചെന്ന് ഓട്ടോക്കാരനോട് , അവശനായ ഇയാളെ ശിഫാ ഹോസ്പിറ്റലില്‍ എത്തിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. കൂടി നിന്നവരോട് തെല്ലുച്ചത്തില്‍ ഇയാളെ ഒന്ന് ഓട്ടോയില്‍ കയറ്റാന്‍ സഹായിക്കണമെന്നും, ഞാന്‍ കൂടെ പൊയ്‌ക്കോളാം എന്നും പറഞ്ഞു. ഭാഗ്യം ! എല്ലാവരും കൂടി അയാളെ താങ്ങിപ്പിടിച്ച് ഓട്ടോയില്‍ കയറ്റിത്തന്നു ..അയാളുടെ ഫോണും പേഴ്‌സും ആരോ എന്നെ ഏല്‍പിച്ചു. ഒന്നു രണ്ടു പേര്‍ വന്ന് , അവര്‍ക്ക് പോയിട്ട് അത്യാവശ്യ കാര്യങ്ങളുണ്ട്. കൂടെ വരാന്‍ പ്രയാസം പറഞ്ഞ് തിരിച്ചു പോയി ...ഓട്ടോ യുടെ പിന്നാലെ ഞാനും ആശുപത്രിയിലേക്ക് വിട്ടു. കാഷ്വാലിറ്റിയില്‍ ചെന്ന് നഴ്‌സുമാരെ വിവരം ധരിപ്പിച്ചു. അവരെല്ലാം ഓടിപ്പാഞ്ഞ് നടന്ന് അയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള തത്രപ്പാടിലായി. ബെഡ്ഡില്‍ കിടന്ന് അയാള്‍ വലിയ ശബ്ദത്തോടെ ഛര്‍ദ്ദിക്കുന്നു. നഴ്‌സുമാര്‍ പാത്രം പിടിച്ചു കൊടുക്കുന്നു. മദ്യപിച്ചതൊന്നുമല്ല. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കാണുന്നു. കൂട്ടത്തില്‍ ഉള്ള ഒരു നഴ്‌സ് പറയുന്നതു കേട്ടു. ഞാന്‍ വേഗം ഫറോക്ക് സ്‌റ്റേഷനിലേക്ക് വിളിച്ചു .അധികം വൈകാതെ സൈഫുള്ള സാറും രണ്ടു പോലീസുകാരും ആശുപത്രിയില്‍ എത്തി. പിന്നെ ഞങ്ങളെല്ലാവരും കൂടി അയാളുടെ ഫോണില്‍ നിന്നും പല നമ്പറുകളിലേക്കും വിളിച്ചു. ഭാഗ്യത്തിന് ഒന്നു രണ്ടു പേരെ കിട്ടി. അപ്പോഴാണ്, മുക്കത്തക്കടവ് തിരുത്തിയിലെ സ്‌കൂള്‍ ബസിലെ െ്രെഡവര്‍ ആണ് അയാളെന്ന് മനസ്സിലായത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പേഴ്‌സില്‍ ഉണ്ടായിരുന്നു. കൃഷ്ണകുമാര്‍ എന്നാണ് പേര്. ഒരു ഫോണ്‍ നമ്പറും കണ്ടു. അത് ഡയല്‍ ചെയ്തു നോക്കി. ശരിയാണ്. ഏതായാലും അധികം വൈകാതെ അയാളുടെ ബന്ധുവും പരിചയക്കാരനും എത്തി. മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. സന്ധ്യ കഴിഞ്ഞ്, രണ്ടും കല്‍പ്പിച്ച് ഞാന്‍ അയാളുടെ നമ്പറില്‍ വിളിച്ചു. കൃഷ്ണ കുമാറിന്റെ ബന്ധുവാണോന്ന് ചോദിച്ചപ്പോള്‍, കൃഷ്ണകുമാര്‍ തന്നെയാണ് സംസാരിക്കുന്നത് എന്ന് അയാള്‍ പറഞ്ഞു.
ഹാവൂ... ചെറിയ ഒരു ആശ്വാസം തോന്നി. ബോധമില്ലാതെ കിടന്ന ആളാണ്. നെഞ്ചു വേദന വന്നപ്പോള്‍ വണ്ടി സൈഡാക്കിയതാണ് പിന്നെ ഒന്നും ഓര്‍മ്മയില്ല. മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് സ്ഥല കാല ബോധം വന്നത് ... അയാള്‍ പറയുകയായിരുന്നു. തൊട്ടു മുന്നില്‍ ഡോക്ടര്‍ ഉണ്ട്. ഒന്നു ഡോക്ടറുടെ അടുത്ത് കൊടുക്കട്ടെ യെന്ന് ചോദിച്ചു. ഡോക്ടര്‍ ഉണ്ടായ കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു.
ചെറിയ ബ്ലോക്കിന്റെ പ്രശ്‌നം ഉണ്ട്. ടെസ്റ്റുകള്‍ നടത്തട്ടെ ....നമുക്ക് നോക്കാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. തൊട്ടടുത്ത 2 ദിവസങ്ങളിലും ഞാന്‍ അയാളെ വിളിച്ചു ... നെഞ്ചു വേദന കുറവുണ്ടെന്നും സുഖമുണ്ടെന്നും വൈകിട്ട് ഡിസ്ചാര്‍ജ് ആണെന്നും, ചെറിയ ബ്ലോക്കിന് മരുന്നു കഴിച്ചാ മതിയെന്നു ഡോക്ടര്‍ പറഞ്ഞെന്നും അയാള്‍ പറഞ്ഞു.
തിരുത്തി സ്‌കൂളിലെ ഒരു സ്റ്റാഫിനെ ഞാന്‍ വിളിച്ചു. 2 ദിവസമായി കൃഷ്ണകുമാര്‍ ജോലിക്ക് വരുന്നുണ്ടെന്നും, ഇപ്പോ കുഴപ്പങ്ങളൊന്നുമില്ലെന്നും പറഞ്ഞു കേട്ടപ്പോ സന്തോഷമായി..... നേരം പുലരുമ്പോള്‍ ഒരു ചായ കുടിച്ച് നികാര്‍ഡിയ 20 എം.ജി (ബി.പിയുടെ ഗുളികയും ) വിഴുങ്ങി ജോലിത്തിരക്കിലേക്ക് ഓടിപ്പോവുന്ന എന്നെപ്പോലെയുള്ളവരും, പലതരം അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന സഹോദരന്‍മാരും വഴിയരികില്‍ ഒന്നു വീണു കിടന്നാല്‍, മദ്യത്തിന്റെ പുറത്താണെന്നും പറഞ്ഞ് ചാപ്പ കുത്താതെ, തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാന്‍ സന്‍മനസ് കാണിച്ചാല്‍, ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ അറിയാലോ മദ്യമാണോ, കഞ്ചാവാണോ, എം.ഡി.എം.എ യാണോ അതോ രോഗമാണോ എന്നൊക്കെ .... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് അഭിമാനത്തോടെ കാക്കിയണിഞ്ഞത് ... അമ്പത്താറു വരെയല്ല.... ആയുസും ആരോഗ്യവും ഉള്ള കാലം വരെ ....