ഇടുക്കി-മറയൂര്‍ പട്ടണം അടക്കിവാണ് വാനരസേന. 500ലധികം കുരങ്ങുകളാണ് മറയൂര്‍ ടൗണില്‍ വിലസുന്നത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഓഫീസുകളും കൃഷിയിടങ്ങളും ഇവരുടെ അധീനതയിലാണ്.
ടൗണിന് സമീപമുള്ള കൃഷിയിടങ്ങളിലെ മരങ്ങളിലാണ് ഇവയുടെ രാപ്പാര്‍പ്പ്. പുലര്‍ച്ചയോടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വിളയാട്ടം തുടങ്ങും. ഒരു മാതിരി ഗുണ്ടാ സംഘങ്ങളെപ്പോലെയാണ് ഇവയുടെ ഭരണം. കുരങ്ങിന്‍ കൂട്ടം സംഘടിതമായി വ്യാപാര സ്ഥാപനത്തില്‍ കയറും. കണ്ണില്‍ കണ്ടതെല്ലാം കൈക്കലാക്കും.
കടക്ക് മുന്നില്‍ കമ്പിവേലി തീര്‍ത്തും പ്രത്യേകം ജീവനക്കാരെ നിയമിച്ചും കുരങ്ങുകളെ തുരത്തുവാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല. ദിവസം ശരാശരി 400 രൂപയുടെ നഷ്ടമെങ്കിലും കുരങ്ങുകള്‍ ഒരു വ്യാപാര സ്ഥാപനത്തിന് ഉണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
മുമ്പ് വനത്തിലെ കായ് കനികളായിരുന്നു ഇവയുടെ ഭക്ഷണം. എന്നാല്‍ കാലം മാറിയപ്പോള്‍ കുരങ്ങുകളും ന്യുജെന്‍ ആയി. ബദാമും കശുവണ്ടി പരിപ്പും മിക്‌സ്ച്ചറും ബിസ്‌ക്കറ്റും ആപ്പിളും മുന്തിരിയുമൊക്കെയാണ് ഇപ്പോഴത്തെ ഡയറ്റ്. കടയില്‍ കയറിയാല്‍ കണ്ണ് ഇവയിലാണ്. എതിര്‍ത്താല്‍ അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ വ്യാപാരികള്‍ ഭയത്തിലാണ്.
കൃഷിയിടങ്ങളില്‍ നിന്നും ഒരു വിളയും എടുക്കുവാന്‍ കുരങ്ങിന്‍ കൂട്ടം അനുവദിക്കാറില്ല. കരിമ്പ് ഒടിച്ചും മറ്റ് വിളകള്‍ നശിപ്പിച്ചും ഇവര്‍ അടക്കി വാഴുന്നു. വീട് തുറന്നിട്ടാല്‍ അകത്തുകയറി കാണുന്നതെല്ലാം വലിച്ചു വാരിയിട്ട് ആവശ്യമുള്ളത് എടുത്തു കൊണ്ടു പോകും. സഞ്ചാരികളുടെ ഭക്ഷണ പൊതികള്‍ നിമിഷ നേരം കൊണ്ട് തട്ടിയെടുക്കും. വാഹനങ്ങളുടെ ഗ്ലാസ് തുറന്നിട്ടാല്‍ അകത്ത് കയറി സീറ്റടക്കം കീറി നശിപ്പിക്കും.