ജിദ്ദ - സൗദിയില്‍നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 128 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്തിസാം അല്‍ശഹ്‌രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം എയര്‍ കണക്ടിവിറ്റി നെറ്റ്‌വര്‍ക്കില്‍ 28 നഗരങ്ങള്‍ വര്‍ധിച്ചു. ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പകുതിയിലേറെ ദൂരം പിന്നിടാന്‍ ഇതിനകം സാധിച്ചു.
2030 ഓടെ സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയര്‍ത്താന്‍ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ ജൂലൈയില്‍ സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സാധിച്ചു. ജൂലൈയില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 10.19 ദശലക്ഷം യാത്രക്കാര്‍ കടന്നുപോയി. കൊറോണ മഹാമാരിക്കു മുമ്പുള്ള യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം മറികടക്കാന്‍ സാധിക്കുന്നതിന് ശരിയായ ദിശയിലാണ് നാം സഞ്ചരിക്കുന്നതെന്ന് ഇത് സ്ഥിരീകരിക്കുന്നതായും ഇബ്തിസാം അല്‍ശഹ്‌രി പറഞ്ഞു.
2030 ഓടെ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായും സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും ഉയര്‍ത്താന്‍ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യത്തോടെ റിയാദ് എയര്‍ എന്ന പേരില്‍ സ്ഥാപിച്ച പുതിയ വിമാന കമ്പനി അടുത്ത വര്‍ഷം സര്‍വീസുകള്‍ ആരംഭിക്കും.