മലപ്പുറം - പൊന്നാനിയിലെ ഗവ. മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറിക്കയറ്റിയ സംഭവത്തിൽ രണ്ടു ഡോക്ടർമാർക്കും ഒരു നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. രണ്ട് ഡോക്ടർമാരെ ടെർമിനേറ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. യുവതി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഗർഭിണിക്ക് രക്തം മാറി നൽകിയത് ശ്രദ്ധക്കുറവ് മൂലം സംഭവിച്ചതാണെന്നും ഡോക്ടർക്കും ഡ്യൂട്ടി നഴ്‌സിനും ജാഗ്രതക്കുറവുണ്ടായെന്നും ആശുപത്രി സൂപ്രണ്ട് ഇന്ന് അന്വേഷണ റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്കിയതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഈമാസം 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്കാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം മാറിക്കയറ്റുകയായിരുന്നു. തുടർന്ന് വിറയൽ അനുഭവപ്പെട്ട് യുവതിയെ ഇന്നലെ തൃശൂർ മെഡിക്കൽ കോളജിലെ ഐ.സിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രിയിൽനിന്നുള്ള വിവരം.