മലപ്പുറം - പൊന്നാനിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ പൊന്നാനി സര്‍ക്കാര്‍ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്‌സിനും ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. പൊന്നാനി പാലപ്പെട്ടി സ്വദേശിയായ രുക്‌സാന എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച മാതൃശിശു ആശുപത്രിയില്‍ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രക്തം നല്‍കിയിരുന്നു. മൂന്നാമത്തെ ദിവസം രക്തം നല്‍കിയപ്പോള്‍ വിറയല്‍ അനുഭവപ്പെട്ടത്തോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടര്‍ എത്തിയപ്പോഴാണ് രക്തം മാറി നല്‍കിയെന്ന കാര്യം മനസ്സിലായത്. ഒ-നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള യുവതിക്ക് ബി-പോസിറ്റീവ് രക്തമാണ് നല്‍കിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.