കോഴിക്കോട് - കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. 15 അടിയോളം നീളമുണ്ട്. അഴുകിയ നിലയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടതെന്ന് ലൈഫ് ഗാർഡ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ നീലത്തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. ശക്തമായ തിരമാലയിൽ കാറ്റിനനുസരിച്ച് പിന്നീട് കരയ്ക്കടിയുകയാണുണ്ടായത്. കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കേട്ടറിഞ്ഞ് നിരവധി പേരും ബീച്ചിൽ കാണാനെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.