കണ്ണൂർ / ദമ്മാം - ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായുള്ള വിവാദ പരാമർശം പിൻവലിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. താൻ പറഞ്ഞ 'സാധനം' എന്ന വാക്ക് പിൻവലിക്കുന്നു. എന്നാൽ, ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവും ഇല്ല എന്നു
താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഷാജി വ്യക്തമാക്കി.
ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് ഒരു അന്തവും കുന്തവുമില്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ലെന്നും ഷാജി പറഞ്ഞു. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എം.എം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡി.വൈ.എഫ്.ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി. കെ.എം.സി.സി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ഷാജി ഇപ്രകാരം പ്രതികരിച്ചത്.
മലപ്പുറം കുണ്ടൂർ അത്താണിയിലെ മുസ്‌ലിം ലീഗ് പൊതുയോഗത്തിൽ 'അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു' ഷാജിയുടെ വിവാദ പരാമർശം. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. അതാണ് മന്ത്രിസ്ഥാനത്തേക്ക് അവർക്ക് വഴി ഒരുക്കിയത്. ശൈലജ ടീച്ചർ പ്രഗത്ഭയല്ലെങ്കിലും നല്ല ഒരു കോ-ഓർഡിനേറ്റർ ആയിരുന്നുവെന്നും അവരെ മുഖ്യമന്ത്രി വെട്ടിക്കളഞ്ഞുവെന്നും ഷാജി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടി കേരള വനിതാ കമ്മിഷൻ ഷാജിക്കെതിരെ കേസെടുത്തതും വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു.