Sorry, you need to enable JavaScript to visit this website.

ദൗത്യസംഘമെന്നാല്‍ ജെ.സി.ബി.യും കരിമ്പൂച്ചയുമല്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍

തിരുവനന്തപുരം - ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ രൂപീകരിച്ച ദൗത്യസംഘത്തിനെതിരെ എം.എം മണി ആഞ്ഞടിച്ചതിന് പിന്നാലെ വിശദീകരണവുമായി റവന്യൂ മന്ത്രി. ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോഴേക്ക് ജെ.സി.ബി.യും കരിമ്പൂച്ചയും ദുഃസ്വപ്നം കാണേണ്ടതില്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഹൈക്കോടതി ചുമതലപ്പെടുത്തി പ്രത്യേക ബെഞ്ച് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ നമുക്ക് നല്‍കി. ആ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് റവന്യൂ വകുപ്പ് മാത്രമല്ല, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് കോടതി പറഞ്ഞ കാര്യം അനുസരിക്കുന്നു എന്നു മാത്രമേ ഇപ്പോള്‍ ഈ ഉത്തരവു വഴി നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്നുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദൗത്യസംഘത്തെ സംഘത്തെ നിയോഗിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യുന്നതിന് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്. ഈ ബെഞ്ചിന്റെ നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കലക്ടറെ കൂടാതെ സബ്കലക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, കാര്‍ഡമം അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാര്‍ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

2007 മേയ് 13-നാണ് കെ.സുരേഷ്‌കുമാര്‍, ഋഷിരാജ് സിങ്, അന്നത്തെ ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ.സി.ബി ഉരുണ്ടുതുടങ്ങിയത്.  മൂന്നാര്‍ മേഖലയിലെ പത്തോളം റിസോര്‍ട്ടുകള്‍ പിന്നീട് പൊളിച്ചു. പെരിയകനാലിലെ ക്ലൗഡ് നയന്‍, രണ്ടാംമൈലിലെ മൂന്നാര്‍ വുഡ്സ്, ലക്ഷ്മിയിലെ അബാദിന്റെ സ്ഥാപനം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊളിഞ്ഞുവീണു. ജൂണ്‍ ഏഴുവരെയുള്ള 25 ദിവസങ്ങള്‍ക്കിടെ 91 കെട്ടിടങ്ങള്‍ നിലംപതിച്ചു. 11350 ഏക്കര്‍ റവന്യൂഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. മൂന്ന് മാസത്തോളം മൂന്നാറില്‍ ക്യാമ്പുചെയ്ത് ദൗത്യസംഘം നടപടികള്‍ തുടര്‍ന്നിരുന്നു.

 

Latest News