മലപ്പുറം - പൊന്നാനിയിലെ മാതൃശിശു ആശുപത്രിയില്‍ ഗ്രൂപ്പ് മാറി രക്തം നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി രുക്‌സാന അപകട നില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം രുക്‌സാനയക്ക് ബി പോസിറ്റീവ് രക്തം നല്‍കിയത്. ഗര്‍ഭിണിയായ യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ച എത്തിയപ്പോഴാണ് രക്തം നല്‍കിയത് മാറിപ്പോയത്. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ രുക്‌സാനയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.