തിരുവനന്തപുരം - അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന വാദത്തില്‍ പരാതിക്കാരന്‍ ഉറച്ചുനില്‍ക്കുകയും അഖില്‍ മാത്യുവിന് സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമാകുന്ന തെളിവുകളൊന്നും ഇതുവരെ പുറത്ത് വരാതിരിക്കുകയും ചെയ്തതോടെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ മലപ്പുറം സ്വദേശി ഹരിദാസ് കമ്മാളി ഉന്നയിച്ച കോഴ ആരോപണത്തില്‍ ദൂരൂഹതയേറി. പണം കൈമാറിയെന്ന് ഹരിദാസ് അവകാശപ്പെടുന്ന ഏപ്രില്‍ പത്തിന് താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന അഖില്‍ മാത്യുവിന്റെ അവകാശവാദം സ്ഥിരീകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്നേ ദിവസം താന്‍ പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നതിന് അഖില്‍ മാത്യു പോലീസിന് തെളിവുകള്‍ കൈമാറിയിരുന്നു. കൂടാതെ പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അഖില്‍ മാത്യു ആ ദിവസം തിരുവനന്തപുരത്ത് ഇല്ലെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
പരാതിക്കാരനായ ഹരിദാസ് പണം കൈമാറിയെന്ന് പറയുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് എത്തിയതായുള്ള ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ പോലീസിന് കണ്ടെത്താനായിട്ടില്ല.
ഒരു ലക്ഷം രൂപ തിരുവനന്തപുരത്ത് മന്ത്രി ഓഫീസിന്റെ പരിസരത്തുവെച്ച് അഖില്‍ മാത്യുവിനെ ഏല്‍പ്പിച്ചതായാണ് ഹരിദാസന്റെ മൊഴി. പോലീസിന് അത് സംബന്ധിച്ച് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെങ്കിലും ഹരിദാസ് ഈ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇതിനിടെ ആരോപണത്തില്‍ ഉന്നയിക്കപ്പെട്ട ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് ഇന്ന് പോലീസിന് കൈമാറും. സെക്രട്ടറിയേറ്റ് പരിസരത്തെ ദൃശ്യങ്ങളാകും കൈമാറുക. ഹരിദാസും അഖില്‍ മാത്യുവും ഈ ദിവസം ഇവിടെ ഉണ്ടായിരുന്നോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
തന്റെ പേരില്‍ ആള്‍മാറട്ടം നടത്തിയെന്ന അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴാച കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
ഹരിദാസന്റെ മകന്റെ ഭാര്യക്ക് ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ ജോലി കിട്ടാന്‍ പത്തനംതിട്ടയിലെ സി.പി.എം. പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട അഖില്‍ സജീവും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഖില്‍ മാത്യുവും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഹരിദാസന്റെ പരാതി.
ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ഹരിദാസന്റെ ഫോണ്‍ പോലീസ് സംഘം കൊണ്ടുപോയതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹരിദാസന്‍ സൂക്ഷിച്ചിരുന്നത് ഇതിലാണ്. മാധ്യമങ്ങള്‍ തന്നോട് ചോദിച്ചുകൊണ്ടിരുന്ന അതേ ചോദ്യങ്ങളാണ് പോലീസും തന്നോട് ചോദിച്ചതെന്നും അതിന് അതേ ഉത്തരങ്ങള്‍ നല്‍കിയതായും ഹരിദാസന്‍ പറഞ്ഞു. കൂടുതലൊന്നും പറഞ്ഞിട്ടില്ല. ഫോണ്‍ സംഭാഷണങ്ങള്‍ ഹരിദാസന്‍ കൈമാറിയതായി മൊഴിയെടുപ്പിന് നേതൃത്വം നല്‍കിയ സബ് ഇന്‍സ്പെക്ടര്‍ സി. ഷെഫിന്‍ വ്യക്തമാക്കി.