Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓണത്തിന് 5.95 ലക്ഷം സൗജന്യ കിറ്റുകള്‍; മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ്

തിരുവനന്തപുരം- ഓണത്തോടനുബന്ധിച്ച് അന്ത്യോദയ അന്നയോജ വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം പേര്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനും തീരുമാനിച്ചു.
യോഗ തീരുമാനങ്ങള്‍ വിശദമായി: 

ഓണത്തിന് 5.95 ലക്ഷം പേര്‍ക്ക് സൗജന്യ കിറ്റ് 
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും. 

മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ്
സംസ്ഥാനത്തെ മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനുളള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മദ്രസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്. ക്ഷേമനിധിയില്‍ അംഗമായ ഓരോ മദ്രസ അധ്യാപകനും പ്രതിമാസം 50 രൂപ അംശാദായം അടക്കേണ്ടതാണ്.  

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം
മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.  ഫിഷ് ലാന്റിംഗ് സെന്റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഫിഷ് ലാന്റിംഗ് സെന്ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മത്സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്റെ പേര്. മത്സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതി പത്രത്തില്‍ രേഖപ്പെടുത്തിയ സ്ഥലത്തുമാത്രമേ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകു. അനുമതി പത്രത്തിന് മൂന്നു വര്‍ഷമാണ് കാലാവധി. 

ഫിഷ് ലാന്റിംഗ് സെന്ററുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. പൊതുഉടമയിലുളള എല്ലാ മത്സ്യമാര്‍ക്കറ്റുകള്‍ക്കും മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതാണ്. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തസ്തികകള്‍, ശമ്പളപരിഷ്‌കരണം
പുതുതായി അനുവദിച്ച ഹോമിയോ ഡിസ്‌പെന്‍സറികളില്‍ പത്ത് മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പെരിങ്ങളം, വളപട്ടണം, കാറളം, താന്ന്യം, ചൊവ്വന്നൂര്‍, പറപ്പൂക്കര, ഒഴുവൂര്‍, മുണ്ടൂര്‍, നെല്ലിയാമ്പതി, തേങ്കുറിശ്ശി എന്നീ ഡിസ്‌പെന്‍സറികളിലാണ് ഓരോ തസ്തിക വീതം അനുവദിക്കുന്നത്. 

സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നു
കേരളത്തിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 15 പേര്‍ വീതമുളള അഞ്ച് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുന്നത്. കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ബോട്ട് കൈകാര്യം ചെയ്യല്‍, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പ്രതിദിനം 700 രൂപ സ്‌റ്റൈപന്റോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനം മുഖേനയാണ് പരിശീലനം. ഇതിനാവശ്യമായ 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രവിശ്യാ

സ്വതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ജെ. മേഴ്‌സിക്കുട്ടി അമ്മ (കൊല്ലം),  മാത്യൂ ടി. തോമസ് (പത്തനംതിട്ട), ജി. സുധാകരന്‍ (ആലപ്പുഴ), കെ. രാജു (കോട്ടയം), എം.എം. മണി (ഇടുക്കി), വി.എസ്. സുനില്‍കുമാര്‍ (എറണാകുളം), എ.സി. മൊയ്തീന്‍ (തൃശൂര്‍), എ.കെ. ബാലന്‍ (പാലക്കാട്), കെ.ടി. ജലീല്‍ (മലപ്പുറം), ടി.പി. രാമകൃഷ്ണന്‍ (കോഴിക്കോട്), രാമചന്ദ്രന്‍ കടന്നപ്പള്ളി (വയനാട്), കെ.കെ. ശൈലജ ടീച്ചര്‍ (കണ്ണൂര്‍), ഇ. ചന്ദ്രശേഖരന്‍ (കാസര്‍ഗോഡ്) എന്നിവര്‍ മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കും.്

മറ്റു സുപ്രധാന തീരുമാനങ്ങള്‍: 

>മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിലെ നോണ്‍ അക്കാദമിക് വിഭാഗത്തിലെ 27 തസ്തികകള്‍ക്ക് ആര്‍.സി.സി.യിലെ ശമ്പളത്തിനും ആനുകൂല്യത്തിനും തുല്യമായ ശമ്പള പരിഷ്‌കരണം അനുവദിക്കും. ആറുമാസത്തിനകം സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കണമെന്ന ഉപാധിയോടെയാണ് ഈ തീരുമാനം. ഇതിനു പുറമെ 23 തസ്തികകള്‍ക്ക് ആര്‍.സി.സി.യിലെ ആനുകൂല്യങ്ങള്‍ക്ക് തുല്യമായ ശമ്പളപരിഷ്‌കരണം നടപ്പാക്കും. 

>കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

>തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റ് (87), ക്ലീനര്‍ (53) തസ്തികകളില്‍ ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. 

>ആര്‍.സി.സി.യില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ താല്‍ക്കാലിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
 
>രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകളില്‍ ശമ്പള പരിഷ്‌ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

>തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിഭാഗം ആരംഭിക്കുന്നതിന് ഒരു അസോസിയേറ്റ് പ്രൊഫസറുടേയും രണ്ടു വീതം അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നിവരുടെയും  തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

>ആഭ്യന്തര (എച്ച്) വകുപ്പില്‍ ഒരു സെക്ഷന്‍ ഓഫീസറും അഞ്ച് അസിസ്റ്റന്റ്മാരും അടങ്ങിയ പുതിയ സെക്ഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

>2018ലെ കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
 

Latest News