Sorry, you need to enable JavaScript to visit this website.

ശിഹാബ് തങ്ങള്‍, ഓര്‍മ്മകളുടെ പുഴയൊഴുകും വഴി

ഓര്‍മകള്‍ അങ്ങനെയാണ്. അത് കൂടെത്തന്നെ കൂടുന്ന ചില നേരങ്ങളുണ്ട്. മലയാളത്തിന്റെ മാനത്ത് അങ്ങനെയൊരു തെളിനിലാപ്പരപ്പായിരുന്നു പാണക്കാട്ടെ വല്ല്യക്കാക്ക. അകലങ്ങള്‍ വെളിപ്പെടുമ്പോള്‍ ഭൂമിയെ ചുംബിച്ചുകൊണ്ട് നടന്നുവരും ആ പാദങ്ങള്‍. സൗമ്യമായ ഒരു ചിരിയാകും ആ കവിള്‍ത്തടം. പതിഞ്ഞ ഒച്ചയില്‍ പിറക്കുന്നൊരു ആശ്വാസവാക്കാകും. മറ്റു ചിലനേരങ്ങളില്‍ ആ ഓര്‍മകള്‍ ആ അസാന്നിധ്യത്തെത്തന്നെ മായ്ച്ചുകളയും. അത്തരം ദിവസങ്ങളാണ് പാണക്കാട്ടെ ചൊവ്വാഴ്ച്ചകള്‍. തങ്ങളുടെ മരണശേഷമുള്ള ഒരു ചൊവ്വാഴ്ച. ആളുകള്‍ക്ക് ഒട്ടും കുറവില്ല. പലയിടങ്ങളില്‍ നിന്നായി പലരും വന്നുകൊണ്ടിരിക്കുന്നു. ചെറു കൂട്ടങ്ങളുടെ പ്രവാഹങ്ങള്‍ തുടരുന്നു. സാന്ത്വനം തേടിയെത്തിവരുടെ നടുവില്‍ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും. പൊടുന്നനെ ഒരു പെണ്‍കുട്ടി മുനവ്വറലി തങ്ങളുടെ മുന്‍പിലെത്തി. 
എന്നെ അറിയുമോ? പെണ്‍കുട്ടിയുടെ ചോദ്യം. 
മറുപടിക്ക് കാക്കാതെ പെണ്‍കുട്ടി ഒരു ആല്‍ബം മുനവ്വറലി തങ്ങളുടെ നേരെ നീട്ടി. മുനവ്വര്‍ ആല്‍ബം മറിച്ചു. ആല്‍ബത്തില്‍ ഉപ്പയുടെ ജീവസ്സുറ്റ ചിത്രങ്ങള്‍. മുനവ്വറിന് ഏറെനേരം അങ്ങനെ നോക്കാന്‍ കഴിഞ്ഞില്ല. കണ്ണീര്‍ പാട കാഴ്ചയെ മറച്ചു. നൊമ്പരം പണിപ്പെട്ട് മറച്ചു പിടിച്ചു പെണ്‍കുട്ടിയുടെ നേരെ നോക്കി. അവളും വിതുമ്പുകയായിരുന്നു. 
-തങ്ങളുപ്പാപ്പ ഉണ്ടായിരുന്ന കാലത്ത് കുറേ പ്രാവശ്യം വന്നിട്ടുണ്ട്. 
പൊട്ടിപ്പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി പറഞ്ഞു. ഞങ്ങളുടെ കൂടി ഉപ്പയാണ് പോയത്. കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. 
ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് വര്‍ഷമൊന്നായി. ഈ തറവാട്ടുമുറ്റത്ത് ഇപ്പോഴും ആളൊഴിഞ്ഞിട്ടില്ല. തങ്ങളുടെ സാന്നിധ്യം ഇപ്പോഴുമിവിടെയുണ്ടെന്ന വിശ്വാസത്തില്‍ ജനങ്ങള്‍ വന്നുപോയ്‌കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും മനസില്‍ അത്രയേറെ കനത്തതാണ് ശിഹാബ് തങ്ങളുടെ ഓര്‍മകള്‍. തങ്ങളിവിടെയെവിയെവിടെയോ ഉണ്ടെന്ന് ഓരോരുത്തരും കരുതുന്നു. കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖവാതില്‍ തുറന്ന് നറുപുഞ്ചിരിയോടെ തങ്ങള്‍ വരുമെന്നവര്‍ വിശ്വസിക്കുന്നു. വെറുതെയാണെന്നറിയാം. എങ്കിലും കാത്തിരിക്കുന്നു. 


ഒരാള്‍ ചൊവ്വാഴ്ച്ചകളില്‍ കൊടപ്പനക്കലെത്തും. നീളന്‍ വരാന്തയിലെ എട്ടുമൂല മേശയില്‍ കുറേനേരം നോക്കിനില്‍ക്കും. പിന്നെ മടങ്ങി പോകും. ആരോടും ഒന്നും മിണ്ടില്ല. അദ്ദേഹത്തിനു സംസാരിക്കേണ്ടയാള്‍ അവിടെയില്ലല്ലോ. തങ്ങളുടെ മരണശേഷം മിക്കവാറും ചൊവ്വാഴ്ച്ചകളില്‍ ഇത് പതിവാണ്. സന്ദര്‍ശകരുടെ ആവലാതി കേള്‍ക്കാന്‍ മേശക്ക് പിന്നിലിരിക്കാറുള്ള ബഷീറലി തങ്ങളോടും മുനവ്വറലി തങ്ങളോടും ഒന്നും പറയാതെ പോകുന്നത് കോട്ടക്കല്‍ ഭാഗത്തുനിന്നുള്ള രാധാകൃഷ്ണന്‍ നായരാണ്. തങ്ങളുള്ള കാലത്ത് മിക്കവാറും ദിവസങ്ങളില്‍ നായര്‍ ഇവിടെ എത്താറുണ്ടെന്ന് കൊടപ്പനക്കലെ കാര്യസ്ഥന്‍ അലവ്യാക്ക. 
അങ്ങനെ എത്രയെത്ര പേര്‍. ആരോരുമറിയാതെ തങ്ങള്‍ എത്രയോ പേര്‍ക്ക് സ്‌നേഹം നിറച്ചു. അവരാണ് കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖവാതിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. ഒരിക്കലും അടച്ചിട്ടിട്ടില്ലാത്ത ഗെയിറ്റ് കടന്നുവരുന്നത്. 
തങ്ങളുടെ സാന്ത്വനമേറ്റവര്‍. പ്രാര്‍ത്ഥനയാല്‍ സൗഖ്യം പ്രാപിച്ചവര്‍. മറു കൈ പോലുമറിയാതെ തങ്ങളുടെ കാരുണ്യത്തിന്റെ സ്പര്‍ശമേറ്റവര്‍. അവര്‍ക്കൊന്നും പിന്നെയും പിന്നെയും പാണക്കാട്ടെത്തെത്താത്തിരിക്കാനാവില്ല. സമാശ്വാസത്തിന്റെ പ്രകാശ ഗോപുരമാണ് തങ്ങള്‍. മരണം കീഴ്‌പ്പെടുത്താത്ത ജീവനില്ല. ഓര്‍മ്മകളെ കീഴടക്കാന്‍ മരണത്തിന് കഴിഞ്ഞിട്ടുമില്ല. സ്മരണകള്‍ നിറഞ്ഞുകത്തുന്ന വിളക്കായി ഇപ്പോഴും തങ്ങള്‍ വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു. 
തങ്ങളെ ജീവിതത്തില്‍ ഒരിക്കലും കാണാത്തവര്‍ പോലും ഇപ്പോഴും കൊടപ്പനക്കലില്‍ വന്നുകൊണ്ടിരിക്കുന്നു. ഭരണാധികാരികള്‍, രാഷ്ട്രീയനേതാക്കള്‍, മതപ്രമുഖര്‍, വിദേശപ്രതിനിധികള്‍, കായികതാരങ്ങള്‍, ആയിരക്കണക്കിന് സാധാരണക്കാര്‍. ഇവിടെയിങ്ങനെയൊരു മഹാന്‍ ജീവിച്ചിരുന്നുവെന്ന് കേട്ടറിഞ്ഞെത്തിയവര്‍. ഓര്‍മ്മകള്‍ക്ക് കൂട്ടായി തങ്ങളുടെ കുടുംബാംഗങ്ങള്‍. 
കൊടപ്പനക്കലെത്തുന്ന ചിലര്‍ക്കെല്ലാം തങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വേണം. കുപ്പായം, തുണി, ചെരിപ്പ്, വാച്ച് എന്തെങ്കിലുമൊന്ന്. തങ്ങളുടെ മക്കള്‍ ചോദിക്കുന്നവര്‍ക്കെല്ലാം എടുത്തുകൊടുക്കും. കൈയറിഞ്ഞു സഹായിച്ച പാരമ്പര്യം പേറുന്നവരാണല്ലോ അവര്‍. ശിഹാബ് തങ്ങളുടെ തൊപ്പികള്‍ മാത്രം അവര്‍ ആര്‍ക്കും കൊടുത്തില്ല. തങ്ങളുടെ തൊപ്പിക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. തൊപ്പി ആര്‍ക്കും നല്‍കിയിട്ടില്ല. 
വരിക്കോടന്‍ ബാവ. പാണക്കാട് വഴിക്ക് പോകുമ്പോഴെല്ലാം കൊടപ്പനക്കലില്‍ കയറി കുറച്ചുനേരമിരിക്കും. ആരും വേണമെന്നില്ല. കൊടപ്പനക്കല്‍ വീട്ടിലെ വരാന്തയില്‍ കുറച്ചുനേരമിരുന്ന ശേഷമേ ബാവ യാത്ര തുടരാറുള്ളൂ. 
നാടെങ്ങും ശിഹാബ് തങ്ങളുടെ അനുസ്മരണങ്ങളാണ്. നാടുനീളെ പരിപാടികള്‍. ഓര്‍മ പുതുക്കല്‍ ചടങ്ങുകള്‍. നിറഞ്ഞെഴുകുന്ന സദസ്സുകള്‍. ശിഹാബ് തങ്ങളുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സജീവം. ശിഹാബ് തങ്ങളുടെ കാരുണ്യത്തിന്റെ ഉറവ വറ്റുന്നില്ല. നാടിന്റയും സമൂഹത്തിന്റെയും സങ്കടങ്ങളായിരുന്ന കെട്ടുപ്രായം കഴിഞ്ഞ ഒട്ടേറെ പെണ്‍കുട്ടികളാണ് സുമഗംലികളായത്. മേല്‍ക്കുരയില്ലാതെ അന്തിയുറങ്ങിയ കുറെ കുടുംബങ്ങള്‍ക്ക് വീടുകളായി. നേതാവിനോടുള്ള സ്‌നേഹാദരം മനുഷ്യനന്മക്കായി വിനിയോഗിച്ച് അനുയായികള്‍ മാതൃക കാണിക്കുന്നു.
മലപ്പുറത്തെ ഓട്ടോറിക്ഷകള്‍ക്ക് പിറകില്‍ ശിഹാബ് തങ്ങളുടെ ചിത്രം ഒട്ടിച്ചുവെച്ചിരിക്കുന്നു. ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരെയും നോക്കുന്ന തങ്ങളുടെ ചിത്രം. തങ്ങളുടെ ജീവിതത്തിന്റെ പറ്റി നിരവധി പാട്ടുകളാണിറങ്ങിയത്. മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാനായി മാറ്റിവെച്ച ജീവിത കഥ അന്തരീഷത്തില്‍ മുഴങ്ങുന്നു. 
''ഇന്ത്യന്‍ ജനതക്കകിലം നേതാവാണ് ശിഹാബ് തങ്ങള്‍
മാനസമാല്‍ എതിരേറ്റിട്ടവരുടെ മദ്ഹുകള്‍ പാടി വരുന്നിത ഞങ്ങള്‍..''.
മൊബൈല്‍ ഫോണുകളില്‍ റിംങ് ടോണായി ശിഹാബ് തങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍. 


സ്‌നേഹം വാരിക്കോരി കൊടുത്ത മഹാനായ ശിഹാബ് തങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്താലും മതിയാവില്ലെന്നറിയാം. എന്നിട്ടും ഒരു ജനത അവരുടെ ആദരവും സ്‌നേഹവും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ലോകമുള്ള കാലത്തോളം മറക്കാനാകില്ല. മറഞ്ഞുപോകില്ല, കാലം മറയും. പുതിയ ലോകം വരും. തങ്ങള്‍ക്ക് പകരം വെക്കാന്‍ ആരെങ്കിലുമെത്തുമോയെന്നറിയില്ല. ഏതെങ്കിലും കാലങ്ങളില്‍ ഇത്തരമൊരു മഹാത്ഭുതം സംഭവിച്ചേക്കാം. 
തങ്ങളുടെ ജീവചരിതം ആരുമെഴുതിയിട്ടില്ല. ജീവചരിത്രമില്ലാത്തതിന്റെ പേരില്‍ തങ്ങളുടെ ജീവിതം ആരുമറിയാതിരുന്നിട്ടില്ല. വിളികേള്‍ക്കുന്ന ദൂരത്ത് തങ്ങളുണ്ടായിരുന്നു. ജനമിപ്പോഴും കരുതുന്നു. ഇതാ ഇവിടെയടുത്ത് തങ്ങളുണ്ട്. മറഞ്ഞുപോകില്ല, മാഞ്ഞുപോകില്ല. ഓര്‍മ്മകള്‍ക്ക് ചിതലരിക്കില്ല. 
വലിയ ശബ്ദത്തില്‍ തങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. ആ വാക്കുകള്‍ക്ക് കനമുണ്ടായിരുന്നില്ല. വാക്കുകള്‍ക്ക് സ്‌നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. കനിവിന്റെ സ്പര്‍ശമുണ്ടായിരുന്നു. സ്‌നേഹത്തിന്റെ തണുപ്പ് ഇപ്പോഴും വന്നുമൂടുന്നു. കനിവിന്റെ തലോടലേല്‍ക്കുന്നു. 
കൊടപ്പനക്കലെ കവാടം തുറന്നുവെച്ചിരിക്കുന്നു. ഇവിടെ തങ്ങളില്ലെന്നറിയാം. ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കുമൊന്നും വേണ്ട. ഒരായുസ്സില്‍ പകര്‍ന്നു നല്‍കിയ സ്‌നേഹം തിരിച്ചുകൊടുക്കാന്‍ പാണക്കാട്ടെ കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കല്‍ തറവാട്ടിലേക്ക് അവരെത്തിക്കൊണ്ടിരിക്കുന്നു. മലപ്പുറത്തെ തെരുവോരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തങ്ങളുടെ വലിയ ഫോട്ടോകള്‍. താഴെ ചെറിയ അക്ഷരങ്ങളില്‍ ഇങ്ങിനെ. മറക്കില്ലൊരിക്കലും.
വലിയൊരു കൂട്ടം ജനത തങ്ങള്‍ കാണിച്ചുതന്ന ആ വഴിയിലൂടെ നടന്നുപോകുമ്പോള്‍ അത് നാടിന്റെ തന്നെ വീണ്ടെടുപ്പാകുന്നു. കാലം വിഭാഗീയതയുടെയും വര്‍ഗീയതയുടെ പുതുകോലങ്ങള്‍ കാട്ടുമ്പോള്‍ കൊടപ്പനക്കലെ വീട്ടുമുറ്റത്തുനിന്ന് കാറില്‍ കയറി പുകയുന്ന മനസ്സുകളിലേക്ക് പുറപ്പെടാന്‍ തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ മനസ്സുകളും പ്രാര്‍ഥിച്ചുപോകുന്നു.

Latest News