കോഴിക്കോട്- ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടെ നിയമ നടപടി നേരിടുമെന്ന വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് 16 വയസുകാരന്‍ ജീവനൊടുക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരിലാണ് കൗമാരക്കാരന് വ്യാജ സന്ദേശം എത്തിയത്. സിനിമ കാണുന്നതിനിടെ 33,000 രൂപ പിഴയടക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ലഭിച്ച സന്ദേശം.
കോഴിക്കോട് ചേവായൂര്‍ സ്വദേശി ആദിനാഥ് ആണ് വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ആദിനാഥിന്റെ മരണത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. ആദിയുടെ ആത്മഹത്യ കുറിപ്പില്‍ വ്യാജ സന്ദേശത്തെ കുറിച്ച് ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഒരു വെബ്സൈറ്റില്‍ നിന്ന് പോലീസിന്റെ സന്ദേശമെത്തിയെന്നും തന്റെ പേരില്‍ കേസുണ്ടെന്നും പിഴ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
ലാപ്ടോപ്പില്‍ സിനിമ കണ്ടതല്ലാതെ താന്‍ മറ്റ് തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ലാപ്ടോപ്പ് പൊലീസ് പരിശോധിച്ചു. ഒരു വെബ്സൈറ്റില്‍ ലാപ്ടോപ്പ് ലോക്ക് ആയിട്ടുണ്ടെന്നും പിഴ അടച്ചില്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്നും കുട്ടിയ്ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.