തിരുവനന്തപുരം - മലപ്പുറം കോഡൂരിലെ നബിദിന റാലിയിലെ വൈറൽ ദൃശ്യം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് നിന്നുള്ള നബിദിന റാലിയിലെ ഈ ദൃശ്യം കേരളത്തെ 'ചാപ്പ' കുത്തുന്നവർക്കുള്ള മറുപടിയാണ്. ഒരു ചാപ്പ കുത്തലിലും കേരളം ഒതുങ്ങില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ നബിദിന റാലിക്ക് അഭിവാദ്യമർപ്പിക്കാൻ ശക്തമായ മഴയിലും ഷീനയെന്ന യുവതിയും മകളും റോഡരികിൽ കാത്തുനിന്നിരുന്നു. റാലി അടുത്തെത്തിയപ്പോൾ ജാഥയുടെ മുന്നിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിൽ നോട്ടുമാല അണിയിച്ച് കവിളിൽ മുത്തം നൽകി മടങ്ങുകയായിരുന്നു ഷീന. ഇതോടെ ഈ അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പിന്നീട് മാധ്യമങ്ങൾ യുവതിയെ കണ്ടപ്പോഴും ഇതെനിക്ക് വലിയ സംഭവമായി തോന്നിയില്ലെന്നായിരുന്നു അവരുടെ മറുപടി. 'ഇവരെല്ലാം എന്റെ കുട്ടികളാണ്, ഞങ്ങൾ അങ്ങനെ കഴിഞ്ഞവരാണ്. നമ്മൾ അങ്ങനെയാണ് ജീവിച്ചതും. നോട്ടുമാല വലിയ അത്ഭുതമല്ല. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയത്. ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് നോട്ടുമാല നൽകിയത്. എല്ലാവരും തുല്യരാണ്. ഞങ്ങൾ ഓണവും പെരുന്നാളും എല്ലാം ഒരുമിച്ച് ആഘോഷിക്കും. അതാണ് പതിവെന്നും ഷീന പറഞ്ഞു.
അതിനിടെ, നോട്ടുമാല ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അത് മദ്രസയിൽ ഏൽപ്പിച്ചതായും കൂട്ടുകാരെല്ലാം ചെലവ് ചോദിച്ചതായും മലപ്പുറം കോഡൂർ വലിയാട് തദ്‌രീസുൽ ഇസ്‌ലാം മദ്രസയിലെ വിദ്യാർത്ഥിയും പ്രതികരിച്ചു. നബിദിന റാലിയിലെ വ്യത്യസ്തമായ സൗഹാർദ്ദ കാഴ്ച വൈറലായതോടെ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറിയെന്ന നിലയിൽ വൻ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.