കൊച്ചി - കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുംമുമ്പേ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ.
മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ണൻ പറഞ്ഞു. പാർട്ടി സംരക്ഷണം ഉണ്ടാകില്ലേ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പാർട്ടിക്കാരനല്ലേ ഞാൻ. പിന്നെ എന്തിനാണ് പാർട്ടി സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യമെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാവിലെ തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു കണ്ണന്റെ കൂടിക്കാഴ്ച നടന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ.ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.