തിരുവനന്തപുരം - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് സി പി എം നേതാവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സി പി എം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനാണ് മുഖ്യമന്ത്രിയെ കണ്ടത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇ ഡി അന്വേഷണം. കിരണും സതീഷ്‌കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും മുന്‍മന്ത്രി എ സി മൊയ്തീന്റെയും അറിവോടെയാണെന്ന സംശയമാണ് ഇ ഡിക്കുള്ളത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കണ്ണനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ സി പി എം പ്രാദേശിക നേതാവ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. കണ്ണനും അരസ്റ്റിലാകാനുള്ള സാധ്യത സി പി എം നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.