തിരുവനന്തപുരം - കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥി വീടുവിട്ടിറങ്ങി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകനും കള്ളിക്കാട് ചിന്തലയ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുമായ ഗോവിന്ദ(13)നെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായതെന്ന് പോലീസ് പറഞ്ഞു.
'എന്റെ കളർ സെറ്റ് എട്ട് എയിൽ പഠിക്കുന്ന ആദിത്യന് കൊടുക്കണം, ഞാൻ പോകുന്നു' എന്നാണ് കുട്ടി കുറിപ്പെഴുതി വെച്ചത്. ഇന്ന് പുലർച്ചെ 5.30ന് വീട്ടിൽനിന്നും കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നീല ഷർട്ടും കറുത്ത പാന്റുമാണ് വേഷം. കുട്ടിയെ കണ്ടെത്താൻ ഊർജിത അന്വേഷണം തുടരുകയാണെന്ന് പോലീസും നാട്ടുകാരും അറിയിച്ചു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 0471 2290223, 9895896890 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.