കൊച്ചി- 'ആതിര ആതിര'.. ഫേസ്ബുക്കില്‍ വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചപ്പോള്‍ കൊല്ലം അഴീക്കല്‍ സ്വദേശിയായ യുവജോത്സ്യന്‍ ഒരിക്കലും കരുതിയില്ല, താന്‍ ഹണിട്രാപ്പ് മോഡല്‍ കവര്‍ച്ചയ്ക്ക് ഇരായാകുമെന്ന്. പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെല്ലാം ചോദിച്ചറിഞ്ഞ് കുറഞ്ഞ ദിവസം കൊണ്ട് യുവതി സൗഹൃദം സ്ഥാപിച്ചു. ശേഷം പൂജയ്ക്കായി ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലഹരി പാനീയം കൊടുത്ത് മയക്കി കവര്‍ന്നത് 13 പവന്റെ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണും. ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ ആതിര (30), കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ (34) എന്നിവര്‍ക്കായി എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ടതു പ്രകാരം സ്വന്തം കാറിലാണ് ഇയാള്‍ എറണാകുളത്ത് എത്തിയത്. കലൂരില്‍ വച്ച് ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടു.തന്റെ അടുത്ത സുഹൃത്തായ അരുണ്‍ ഇടപ്പള്ളിയിലുണ്ടെന്നും അവിടേയ്ക്ക് പോകാമെന്നും ജോത്സ്യനോട് പറഞ്ഞു. ഇരുവരും കാറില്‍ ഇടപ്പള്ളിയിലേക്ക് പോയി.അരുണിനൊപ്പം ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഹോട്ടലിലെത്തിയ മൂവര്‍ സംഘം ജോത്സ്യനും ആതിരയും ഭാര്യാഭര്‍ത്താക്കന്മാരെന്ന വ്യാജേനെ മുറിയെടുപ്പിച്ചു. പായസം നല്‍കിയെങ്കിലും ജോത്സ്യന്‍ കഴിച്ചില്ല. തന്ത്രപരമായി ലഹരി പാനീയം നല്‍കി മയക്കുകയായിരുന്നു.അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ചെയിന്‍, മൂന്ന് പവന്റെ മോതിരമടക്കമുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഉച്ചയോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ആതിര, ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. വൈകിട്ട് ഇവര്‍ റൂമിലെത്തിയപ്പോഴാണ് യുവാവിനെ അബോധാവസ്ഥയില്‍ കണ്ടത്. കൊച്ചിയിലുള്ള ബന്ധുവിന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ തൊട്ടടുത്ത ദിവസം പോലീസിനെ സമീപിച്ചു. ഹോട്ടലിലെ സി.സി ടിവി ദൃശ്യം ശേഖരിച്ചെങ്കിലും യുവതി മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയ നിലയിലാണ്. വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പോലീസ്.