Sorry, you need to enable JavaScript to visit this website.

സെവാഗിന്റെ മറുപടി മന്ത്രിയെ കുടുക്കി

ദേശീയ ഉത്തേജക വിരുദ്ധ അപ്പീല്‍സ് പാനലില്‍ അംഗമായിട്ടും യോഗത്തില്‍ പങ്കെടുക്കാത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് വീരേന്ദര്‍ സെവാഗ് നല്‍കിയ മറുപടി സ്‌പോര്‍ട്‌സ് മന്ത്രിയെ കുടുക്കി. കഴിഞ്ഞ നവംബറില്‍ പുനഃസംഘടിപ്പിച്ച ആറംഗ പാനലിലാണ് മുന്‍ ക്രിക്കറ്റ് താരത്തെ ഉള്‍പെടുത്തിയത്. ഉത്തേജക വിലക്ക് ലഭിക്കുന്ന താരങ്ങള്‍ അപ്പീലിനായി സമീപിക്കേണ്ട വളരെ സുപ്രധാനമായ സമിതിയാണ് ഇത്. എന്നാല്‍ ഇതുവരെ നടന്ന ഒരു യോഗത്തിലും സെവാഗ് പങ്കെടുത്തില്ല. വരാനിരിക്കുന്ന യോഗങ്ങളിലും അവധി അറിയിച്ചിരിക്കുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്.
വിമര്‍ശനത്തിന് സ്വതസിദ്ധ രീതിയില്‍ തുറന്നടിച്ചായിരുന്നു സെവാഗിന്റെ മറുപടി. ഉത്തേജക നിര്‍മാര്‍ജന ഏജന്‍സി പോലുള്ള പാനലുകളില്‍ ക്രിക്കറ്റ് താരങ്ങളല്ല വേണ്ടത്. അതുമായി ബന്ധമുള്ള ഒൡപ്യന്മാരാണ്. മുന്‍ ഒളിംപ്യന്മാരെ ആയിരുന്നു സമിതിയില്‍ അംഗങ്ങളാക്കേണ്ടിയിരുന്നത്. ഇതില്‍ അംഗമാവാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അഭ്യര്‍ഥിച്ചതിനാല്‍ അംഗമായി എന്നു മാത്രം. ക്രിക്കറ്ററെന്ന നിലയില്‍ അപൂര്‍വമായേ ഞാന്‍ ഉത്തേജക പരിശോധനക്ക് വിധേയനായിട്ടുള്ളൂ. ഉത്തേജക ചട്ടങ്ങളെക്കുറിച്ചൊന്നും ഒരു ചുക്കുമറിയില്ല. ഇതൊക്കെ അറിയുന്ന ഒളിംപ്യന്മാരാണ് സമിതിയില്‍ വേണ്ടിയിരുന്നത്. ഞാന്‍ സമിതിയില്‍ ഉണ്ടായാല്‍ അതിന് പ്രശസ്തി കിട്ടുമെന്ന് മന്ത്രി പറഞ്ഞതിനാലാണ് സമ്മതിച്ചത് -സെവാഗ് പറഞ്ഞു.
എത്ര കാലത്തേക്കാണ് താങ്കളെ നിയമിച്ചത് എന്നു ചോദിച്ചപ്പോള്‍ ഒരു കൊല്ലത്തേക്കാണോ രണ്ടു കൊല്ലത്തേക്കാണോയെന്ന് ഉറപ്പില്ലെന്നും സെവാഗ് മറുപടി നല്‍കി. 
 

Latest News