Sorry, you need to enable JavaScript to visit this website.

പുഴയിൽ കണ്ടെത്തിയ വിഗ്രഹത്തിന് പിന്നിൽ 'ജൂനിയർ മാൻഡ്രേക്കി'നെ വെല്ലുന്ന കഥ


കണ്ണൂർ- പുഴയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എത്തിയത് ജൂനിയർ മാൻഡ്രേക്കിനെ വെല്ലുന്ന ആന്റി ക്ലൈമാക്‌സിൽ. ഇരിട്ടി പുഴയുടെ ഭാഗമായ താന്തോട് കണ്ടെത്തിയ വിഗ്രഹത്തെക്കുറിച്ച് ഇരിട്ടി പോലീസ് നടത്തിയ അന്വേഷണമാണ് രസകരമായ പര്യവസാനത്തിലെത്തിയത്.
ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് വിവാദം സാമൂഹ്യാന്തരീക്ഷത്തിൽ ഇപ്പോഴും സജീവമായി നിൽക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ താന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന്റെ ബലിതർപ്പണം നടത്തുന്ന പഴശ്ശി ജലസംഭരണി പുഴയിൽ ഗണേശ വിഗ്രഹം കണ്ടെത്തിയത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്. 
വിവരമറിഞ്ഞ് ഭക്തരടക്കം നൂറുകണക്കിനാളുകൾ തടിച്ചുകൂടി. കഥകൾ പലതും നിമിഷങ്ങൾക്കകം പടർന്നു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ ആദ്യ നിഗമനം ഗണേശോത്സവത്തിന്റെ ഭാഗമായി നിമഞ്ജനം ചെയ്ത വിഗ്രഹമാണിതെന്നായിരുന്നു. നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി വിഗ്രഹം എടുത്തതോടെ ആകാംക്ഷ വാനോളമെത്തി. മൂന്നടിയിലേറെ ഉയരമുള്ള വലിയ ഭാരമുള്ള ലോഹ വിഗ്രഹമായിരുന്നു ഇത്.  അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും കരയിലെത്തിച്ചത്.
ലോഹ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യാറില്ലാത്തതിനാൽ ഇത് എങ്ങിനെ ഇവിടെ വന്നു എന്നതായി സംശയം. ഇതിനിടയിൽ പഞ്ചലോഹ വിഗ്രഹമാണോ എന്ന സംശയവും ഉയർന്നു. ക്ഷേത്ര കവർച്ചക്കാർ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് ചിലർ സംശയമുയർത്തി. വിഗ്രഹം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. 
വിദഗ്ദ്ധ പരിശോധനയിൽ പഞ്ചലോഹമല്ലെന്ന സ്ഥിരീകരണം ലഭിച്ചു. ഒന്നിലധികം ലോഹക്കൂട്ടുകൾ ചേർത്താണിത് നിർമിച്ചതെന്നും വ്യക്തമായി. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നൊന്നും വിഗ്രഹങ്ങൾ മോഷണം പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതോടെയാണ് വിഗ്രഹത്തിന് പിന്നിലെ കഥകളെക്കുറിച്ച് ഇരിട്ടി സി.ഐ, കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. 
ഈ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം പഴശ്ശി ജലാശയത്തിൽ എത്താനിടയായ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഈ സംഭവങ്ങൾക്ക് ഒരു വ്യാഴവട്ടത്തിലേറെ പഴക്കമുണ്ട്. ഒട്ടേറെ പേരുടെ ആശങ്കകൾക്കും ഉറക്കം നഷ്ടപ്പെടലിനും ഇത് കാരണമായെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
2010 ൽ കണ്ണൂരിൽ നടന്ന ഒരു ഫെയറിൽ നിന്നും ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ വാങ്ങിച്ചതാണ് ഈ ലോഹ നിർമിതമായ ഗണേശ വിഗ്രഹം. 6800 രൂപ വിലകൊടുത്തായിരുന്നു ഈ വിഗ്രഹം ഇയാൾ വാങ്ങിയത്. ഇത് വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. 2017 ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജക്കായി എത്തിയ മുഴക്കുന്ന് ക്ഷേത്രത്തിലെ കർണാടക സ്വദേശിയായ പൂജാരി, ഈ പ്രതിമ തനിക്കു തരുമോ എന്ന് ജ്വല്ലറി ഉടമയോട് ചോദിക്കുകയും, അദ്ദേഹം പൂജാരിക്ക് പ്രതിമ സമ്മാനിക്കയും ചെയ്തു. പൂജാരി പ്രതിമ വീട്ടിലേക്കു കൊണ്ടുവരികയും വീട്ടിൽ വെച്ച് പൂജകൾ നടത്തുകയും ചെയ്തു. ഇതിനിടയിൽ വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടായതോടെ പ്രതിമയെ വീട്ടിനകത്തുനിന്നും പുറത്തെ വരാന്തയിലേക്ക് മാറ്റി.
രണ്ടാഴ്ചമുമ്പ് പഴയ സാധനങ്ങൾ എടുക്കാനായി വീട്ടിൽ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്തു. പൂജാരി സന്തോഷത്തോടെ വിഗ്രഹം ഇയാൾക്ക് കൈമാറി. അമൂല്യ വിഗ്രഹമാണെന്ന ധാരണയിൽ ഇയാൾ വിഗ്രഹം വീട്ടിലെത്തിക്കുകയും വീട്ടുകാർ ആരും കാണാതെ ചകരിക്കുള്ളിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. ഇതിന്‌ശേഷം വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടാവുകയും ഇയാളുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. വിഗ്രഹം സൂക്ഷിച്ചതു മൂലമാണ് ഇതുണ്ടായതെന്ന വിശ്വാസത്തിൽ വിഗ്രഹം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് അർദ്ധ രാത്രിയിൽ വാഹനത്തിൽ കയറ്റി പഴശ്ശി ജലാശയത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പുഴയിൽ നീരൊഴുക്കിൽ മാറ്റം വന്നപ്പോഴാണ് വിഗ്രഹത്തിന്റെ ഒരു ഭാഗം മുകളിലേക്ക് ഉയർന്നു വന്നതും നാട്ടുകാർ ഇത് കണ്ടതും. 
ഇരിട്ടി പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പൂജാരിക്ക് കൈമാറാനാണ് പോലീസ് തീരുമാനം.

Latest News