ആലപ്പുഴ- കുട്ടനാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വേരുകൾ പായിച്ച പ്രതിഭാശാലിയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ, കാർഷിക മേഖലയിൽ വിപഌം തീർത്തപ്പോഴും കുട്ടനാടിന്റെ മകനായി അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ലോകം കണ്ട ഏറ്റവും ഉന്നതരായ കാർഷിക ശാസ്ത്രജ്ഞരിൽ ഓരാളായി മാറിയപ്പോഴും കുട്ടനാടിനേയും അവിടുത്തെ കർഷകരേയും അദ്ദേഹം കൈവിട്ടില്ല. ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. കുട്ടനാട് മങ്കൊമ്പിലാണ് തറവാട്. ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെയാളാണ് സ്വാമിനാഥൻ. അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നുമെത്തിയ പണ്ഡിതനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് സ്വാമിനാഥൻ. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തെരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെയായിരുന്നു. എല്ലാവർഷവും വേനലവധിക്കാലം മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിൽ ചെലവഴിക്കാൻ എത്തുമായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവെന്ന നിലയിലേക്ക് തന്നെ വളർത്തിയത് കുട്ടനാട്ടിലെ തന്റെ ജീവിതാനുഭവങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 11 വയസ്സുള്ളപ്പോൾ അച്ഛൻ മരണമടഞ്ഞു. അച്ഛന്റെ സഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണയിലാണ് പിന്നീട് കഴിഞ്ഞത്. കുംഭകോണത്തുനിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ തിരുവനന്തപുരത്ത് മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂനിവേഴ്‌സിറ്റി കോളേജ്) ബിരുദപഠനത്തിന് ചേർന്നു. കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്ന തരത്തിൽ നാടിന്റെ പട്ടിണമാറ്റുന്ന ഹരിത വിപ്‌ളവത്തിന്റെ പിതാവായി പിന്നീട് വളരുകയായിരുന്നു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടും അല്ലാതെയും കഴിഞ്ഞ കാലങ്ങളിലെല്ലാം എം.എസ്. സ്വാമിനാഥൻ കുട്ടനാട്ടിലെത്തുമായിരുന്നു.
ഭൂമിശാസ്ത്രപരമായി, പാരിസ്ഥിതികമായി ഒരുപാട് പ്രത്യേകതകൾ കുട്ടനാടിനുണ്ടെന്ന് പഠിച്ചറിഞ്ഞ എം.എസ്. സ്വാമിനാഥൻ കുട്ടനാടിന്റെ രക്ഷയ്ക്കും കർഷകന്റെ നിലനിൽപ്പിനുമായി മുന്നിട്ടിറങ്ങിഅതാണ് കുട്ടനാട് പാക്കേജ്. ശാസ്ത്രീയമായ യുക്തിബോധത്തോടെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് ആ പാക്കേജ് സൃഷ്ടിച്ചെടുത്തത്. പ്രളയക്കെടുതിയിൽ നിന്നും മലവെള്ളപ്പാച്ചിലിൽ നിന്നും കുട്ടനാടിനേയും ജനങ്ങളേയും സംരക്ഷിക്കുന്ന തരത്തിൽ വിഭാവന ചെയ്ത പക്കേജിൽ കോടികൾ മുടക്കിയെങ്കിലും അദ്ദേഹത്തിന്റെ സ്വപ്‌നത്തിനനുസരിച്ച് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന വസ്തുതയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. 2008 ലാണ് എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റി കുട്ടനാടു പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകുന്നത്. അടുത്തവർഷം ഇത് അംഗീകരിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. പാക്കേജിലെ 15 ഇന പരിപാടികളിൽ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്ന് ആദ്യത്തെ നിർദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും. 12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിനു ചുമതലപ്പെടുത്തിയത്. ഈ വകുപ്പുകൾ തന്നിഷ്ടപ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്തതാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെ പോയതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കനാലുകളുടെ ആഴം കൂട്ടി എക്കൽ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു പാക്കേജിൽ സ്വാമിനാഥൻ നിർദേശിച്ചത്. എന്നാൽ ഇവയൊന്നും പൂർണമായും നടപ്പിലായില്ല. ലോകമെങ്ങും ഡോ. എം.എസ്. സ്വാമിനാഥന്റെ ആശയങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ കേരളം ഏത് തരത്തിൽ അത് കൈകാര്യം ചെയ്തുവെന്നതിനുള്ള ഉത്തരം കുട്ടനാട്ടിൽ തന്നെയുണ്ട്.
സസ്യ ജനിതക ശാസ്ത്ര ലോകത്ത് നവീന കണ്ടുപിടുത്തങ്ങൾ നടത്തിയ മലയാളികളുടെ യശസ്സ് അന്താരാഷ്ട്രതലത്തിൽ ഉയർത്തിയ എം.എസ്. സ്വാമിനാഥൻ അറുപതുകളുടെ മധ്യത്തിലെ അത്ഭുത പ്രതിഭാസമായിരുന്നു. ഭക്ഷ്യക്കമ്മി നേരിടുന്ന ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഇന്ത്യയെ ധാന്യശേഖര സൂക്ഷിപ്പുള്ള സ്വാശ്രയ രാഷ്ട്രമാക്കുന്നതിൽ കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിലും ആ പരിവർത്തനത്തിന് അടിത്തറപാകി മുഖ്യചാലക ശക്തിയായിരുന്നു അദ്ദേഹം. 1943 ലെ ബംഗാൾ ക്ഷാമത്തിൽ 30 ലക്ഷം പേരുടെ മരണം അദ്ദേഹത്തെ പട്ടിണി രഹിത ലോകം എന്ന സ്വപ്‌നത്തിലേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. തുടർന്നുള്ള ഭാവിപ്രവർത്തനങ്ങൾ അതിനായി രൂപപ്പെടുത്തി. തുടർന്ന് കാർഷികരംഗത്തെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തി. രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത് എം.എസ്. സ്വാമിനാഥന്റെ പരിഷ്‌കാരങ്ങളായിരുന്നു.
ടൈം മാഗസിൻ അവലോകനം അനുസരിച്ച് 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എം.എസ്. സ്വാമിനാഥൻ. 1966ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറുമേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.