തിരുവനന്തപുരം- അസം പൗരത്വ രജിസ്റ്ററിൽനിന്ന് 40 ലക്ഷം അസം സ്വദേശികളെ ഒഴിവാക്കിയത് വഴി ബി.ജെ.പി അവരുടെ പച്ചയായ വംശീയ അജണ്ട നടപ്പിലാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തങ്ങൾക്ക് വിരോധമുള്ള ജനവിഭാഗത്തെ ദേശത്തിന് പുറത്താക്കുകയും രാജ്യത്തിനകത്ത് അവരെ അരക്ഷിതരാക്കുകയുമാണ് ഇതുവഴി അവരുദ്ദേശിക്കുന്നത്. സംഘ്പരിവാർ ഇനിയും അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന്റെ സ്ഥിതി ഭയാനകമാകും എന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതീവ ഗൗരവമേറിയ ആഭ്യന്തര പ്രതിസന്ധി രാജ്യത്ത് സൃഷ്ടിക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. ഭിന്നിപ്പിക്കൽ മാത്രമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബമടക്കം ഈ രാജ്യത്ത് ജനിച്ച് ജീവിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഒറ്റ ദിവസം കൊണ്ട് പൗരൻമാരല്ലാതാകുന്നത്. രാജ്യത്തെ മത നിരപേക്ഷ ശക്തികൾ സംഘ്പരിവാറിന്റെ വംശീയതയിലധിഷ്ഠിതമായ വിഭജിക്കൽ തന്ത്രത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണം. രാജ്യത്തെ വംശീയമായി ചേരി തിരിപ്പിക്കുന്ന നീക്കത്തിൽ നിന്ന് പിൻമാറി എത്രയും പെട്ടെന്ന് സർക്കാർ തെറ്റു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.