തൃശൂര്‍ - സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാന്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും നിക്ഷേപം സ്വീകരിക്കാന്‍ സി പി എം നീക്കം. ബാങ്കിനെ പുനരുജീവിപ്പിക്കാനാണ് പദ്ധതി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കും. സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വീണ്ടും സജീവ ചര്‍ച്ചയാകുന്നതോടെയാണ് നിക്ഷേപകരുടെ പണം മടക്കി നല്‍കാനുള്ള സി പി എം നീക്കം നടത്തുന്നത്. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് 50 ശതമാനം തുക അടിയന്തരമായി വിതരണം ചെയ്യാനാണ് ശ്രമം. റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും സ്വരൂപിക്കാണ് ലക്ഷ്യം. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നല്‍കി കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തും. നിലവിലുള്ള നിക്ഷേപം പുതുക്കിയും കൂടുതല്‍ നിക്ഷേപം കണ്ടെത്തിയുമാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്.