റിയാദ്- സൗദി അറേബ്യയില്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ 15 ദിവസത്തിലൊരിക്കല്‍ മാത്രമേ കാമറകള്‍ വഴി പിഴ ഈടാക്കുകയുള്ളൂവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതിന്നായി പ്രത്യേക കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ ഒന്നു മുതല്‍ അവ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും ട്രാഫിക് വിഭാഗം പറഞ്ഞു.
100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഇന്‍ഷുറന്‍സ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനുള്ള കാമറ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് നിയമലംഘനം ആദ്യം മുതലേ ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണെന്നും അത് കണ്ടെത്താന്‍ സ്വന്തമായ കാമറ സംവിധാനമാണ് ഉണ്ടാവുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സ്റ്റാറ്റസ് അറിയാന്‍ ഉടമയുടെ അബ്ശിര്‍ സംവിധാനത്തില്‍ എന്റര്‍ ചെയ്ത് വെഹികിള്‍ സര്‍വീസസില്‍ ഇന്‍ഫര്‍മേഷന്‍ ക്ലിക്ക് ചെയ്താല്‍ മതി.