തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബായോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാര്‍ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകള്‍ക്ക് മുന്നിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി തല ഉദ്യോഗസ്ഥ യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍, അത്തരമൊരു തീരുമാനം അന്തിമമായി എടുക്കാതെയാണ് യോഗ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയതെന്നും ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടന നേതാവുമായി പി ഹണി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മറ്റൊരു ഉത്തരവ് വരുന്നതുവരെ പഞ്ചിംഗുമായി ബന്ധപ്പിക്കേണ്ടതില്ലെന്നും പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയത്.