Sorry, you need to enable JavaScript to visit this website.

ഇടുക്കി ഡാം തുറക്കണോ?  മൂന്നു മന്ത്രിമാർക്ക് മൂന്ന് അഭിപ്രായം 

ഇടുക്കി- നിറയാറായ ഇടുക്കി അണക്കെട്ട് തുറന്നു വിടുന്നത് സംബന്ധിച്ച് മൂന്ന് മന്ത്രിമാർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെച്ചൊല്ലി ആശയക്കുഴപ്പം. വൈദ്യുതി, റവന്യു, ജലവിഭവ വകുപ്പു മന്ത്രിമാരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തു വന്നത്. 
ജലനിരപ്പ് 2397 അടിയിൽ എത്തുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം പരീക്ഷണ തുറക്കൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നേകാൽ അടികൂടി ജലനിരപ്പുയർന്നാൽ 2397 അടിയിലെത്തും. 

അതേസമയം വൈദ്യുതി മന്ത്രി എം.എം.മണി ഇന്നലെ പറഞ്ഞത് ജലനിരപ്പ് 2396 അടിയിലെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നാണ്. ഇതിനു ശേഷം 24 മണിക്കൂറിനകം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തും. 
ഇതിൽ നിന്നെല്ലാം വ്യത്യസ്ഥ നിലപാടുമായാണ് ഇന്നലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രംഗത്തെത്തിയത്. ഇടുക്കി ഡാമിൽ ട്രയൽ റൺ സാഹചര്യം ഇപ്പോഴില്ലെന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് ഇടുക്കി അണക്കെട്ട് സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിൽ ശരാശരി 0.02 അടി വെള്ളമാണ് അണക്കെട്ടിൽ വർധിച്ചത്. കഴിഞ്ഞ 17 മണിക്കൂറിൽ 0.44 അടിയുടെ വർധന മാത്രമാണ് ഉണ്ടായത്. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ജലവിഭവ മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പുയർന്ന് ആശങ്ക പരത്തുമ്പോഴും ജലവിഭവ വകുപ്പ് നിസ്സംഗത പുലർത്തുന്നത് ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രി മാത്യു ടി.തോമസ് ഇടുക്കിയിൽ എത്തിയത്. ജലനിരപ്പ് 2400 അടിയിൽ എത്തുന്നത് വരെ കാക്കില്ലെന്നും റിസ്‌ക്ക് ഒഴിവാക്കുമെന്നും മന്ത്രി എം.എം.മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Latest News