Sorry, you need to enable JavaScript to visit this website.

സൈക്കിളിലേറി ബെക്കാമും റൊണാള്‍ഡോയും

ഹാങ്ചൗ- ഡേവിഡ് ബെക്കാമും റൊണാള്‍ഡോയും ബുധനാഴ്ച ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറി. അറിയപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങളല്ല ഈ ബെക്കാമും റൊണാള്‍ഡോയും ബെക്കാം എല്‍കതോചൂംഗോയും റൊണാള്‍ഡൊ ലയ്‌തോംജാം സിംഗും ഇന്ത്യയുടെ സൈക്ലിംഗ് താരങ്ങളാണ്. ചുനാന്‍ ജിയേഷു സ്‌പോര്‍ട്‌സ് സെന്ററില്‍ റൊണാള്‍ഡോയുള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്പ്രിന്റ് ക്വാളിഫിക്കേഷനില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്‍ഡിവിജ്വല്‍ സ്പ്രിന്റില്‍ ബെക്കാം ഒമ്പതാമതായിരുന്നു. 
ബെക്കാം എല്‍കതോചൂംഗോയുടെ പിതാവ് ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആണ്‍കുട്ടിയാണെങ്കില്‍ ഇഷ്ട കളിക്കാരന്റെ പേരിടണമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് 14 വയസ്സ് വരെ ബെക്കാം ഫുട്‌ബോള്‍ കളിച്ചിരുന്നു. കശ്മീരില്‍ സൈനിക ഡ്യൂട്ടിയിലായിരുന്ന ലയ്‌തോന്‍ജാമിന്റെ പിതാവ് റൊണാള്‍ഡിഞ്ഞോയുടെ ആരാധകനായിരുന്നു. 2002 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റൊണാള്‍ഡിഞ്ഞൊ ഗോളടിക്കുമെന്ന് സഹ സൈനികരുമായി പന്തയം വെച്ചു. പന്തയം ജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ പ്രസവിച്ച വിവരം വന്നത്. അപ്പോള്‍ തന്നെ മകന് പേര് തീരുമാനിച്ചു. 

ആറാം സ്വര്‍ണവുമായി
ഇതിഹാസ താരം വിരമിച്ചു

ഹാങ്ചൗ - ടേബിള്‍ ടെന്നിസ് ഇതിഹാസം മാ ലോംഗ് ആറാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി വിരമിച്ചു. അഞ്ചു തവണ ഒളിംപിക്‌സില്‍ ചാമ്പ്യനായിരുന്നു ചൈനീസ് താരം. ടീം ഇനത്തിലാണ് ചൈന സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്നില്ലെന്ന് മുപ്പത്തിനാലുകാരന്‍ വ്യക്തമാക്കി. 12 ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണത്തിനുടമയാണ് മാ ലോംഗ്. 

സ്വര്‍ണത്തിളക്കത്തില്‍
പതിമൂന്നുകാരി

ഹാങ്ചൗ - തൊള്ളായിരത്തിലേറെ വരുന്ന ചൈനയുടെ ഏഷ്യാഡ് സംഘത്തിലെ ബേബി സുയി ഷെന്‍സി സ്‌കെയ്റ്റ്‌ബോര്‍ഡിംഗില്‍ തങ്കത്തിളക്കം. പതിനെട്ടുകാരിയായ സഹ താരം സെംഗ് വെന്‍ഹൂയിയെ തോല്‍പിച്ച് വനിതാ സ്ട്രീറ്റ് സ്‌കെയ്റ്റ്‌ബോര്‍ഡിംഗില്‍ പതിമൂന്നുകാരി ചാമ്പ്യനായി. യുവ നിരയുടെ ആവേശമായ ഈ മത്സരത്തില്‍ ജപ്പാന്റെ പതിനാറുകാരി മിയു ഇറ്റോക്കാണ് വെങ്കലം.
 

Latest News